| Wednesday, 19th February 2020, 7:54 am

ഒരു കുടുംബത്തിലെ ആറ് കുട്ടികളുടെ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാര്‍ട്ടം നടത്തി; അസ്വാഭാവികതയില്ലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍: മലപ്പുറം തിരൂരില്‍ ഒന്‍പത് വര്‍ഷത്തിനിടയില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കഴിഞ്ഞ ദിവസം മരിച്ച മൂന്ന് മാസം പ്രായമുള്ള ഇളയകുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മാര്‍ട്ടം നടത്തി.

പോസ്റ്റ്മാര്‍ട്ടത്തില്‍ കുട്ടിയുടേത് സ്വാഭാവികമരണമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എങ്കിലും സംഭവത്തില്‍ ശക്തമായ തുടരന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിരൂര്‍ ചെമ്പ്ര റോഡില്‍ തറമ്മല്‍ വീട്ടില്‍ റഫീഖ് – സബ്ന ദമ്പതികളുടെ ആറ് കുട്ടികളും ചെറുപ്രായത്തിലാണ് മരിച്ചത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഇതില്‍ അഞ്ച് പേരും ഒരു വയസ്സിന് താഴെയുള്ളപ്പോഴാണ് മരിച്ചത്. ഒരു കുട്ടി മാത്രം നാലര വയസ്സ് ആയപ്പോഴും.

ചൊവ്വാഴ്ച ഒന്നരവയസ്സുള്ള ഇളയകുട്ടിയുടെ അപ്രതീക്ഷിതമരണവാര്‍ത്ത പുറത്തുവന്നപ്പോഴാണ് മുന്‍ വര്‍ഷങ്ങളില്‍ മരിച്ച കുട്ടികളെ കുറിച്ചും പരാതികളും സംശയങ്ങളും ഉയര്‍ന്നത്. തുടര്‍ന്നാണ് വിഷയം പൊലീസിലെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച മരിച്ച കുട്ടിയുടേതടക്കമുള്ള മൃതദേഹങ്ങള്‍ പോസ്റ്റ്മാര്‍ട്ടം ചെയ്യാതെയാണ് സംസ്‌കരിച്ചത്. ഇതും സംശയം വര്‍ദ്ധിപ്പിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് അറിയിച്ചിരുന്നു. പ്രാഥമികാന്വേഷണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് ഫൊറന്‍സിക് വിഭാഗം അറിയിച്ചിട്ടുള്ളത്.

അതേസമയം കുട്ടികളുടെ മരണത്തില്‍ പരാതിയില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ആറ് കുട്ടികളും മരിക്കാന്‍ കാരണം അപസ്മാരമാണെന്നാണ് മാതാപിതാക്കളുടെ വാദം. ജനിതകമായ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും ഇവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more