ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷമുള്ള ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ച് ടി-20 പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് ടി-20 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ രണ്ട് മത്സരവും വിജയിച്ചുകൊണ്ട് പരമ്പരയില്‍ മുന്നിലാണ്.
പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമില്‍ ലോകകപ്പ് കളിച്ച പ്രധാന താരങ്ങള്‍ ഉണ്ടായിരുന്നില്ല. ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ പ്രധാന താരങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശ്രമം അനുവദിക്കുകയായിരുന്നു.
സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഒരുപിടി യുവനിരയുമായാണ് ഇന്ത്യ ഓസീസിനെതിരെയുള്ള ടീം പ്രഖ്യാപിച്ചത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ ലോകകപ്പ് കളിച്ച കുറച്ച് താരങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ മൂന്നാം ടി-20 മത്സരത്തിന് മുന്നോടിയായി ലോകകപ്പ് കളിച്ച ആറ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്ന സ്റ്റീവ് സ്മിത്, ആദം സാംപ, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, സീന്‍ ആബട്ട് എന്നിവരാണ് ഓസ്‌ട്രേലിയയിലേക്ക് പോവുക.
എന്നാല്‍ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ഹീറോയായ ട്രാവിസ് ഹെഡ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയിട്ടില്ല. താരം ഇന്ത്യക്കെതിരെ മൂന്ന് മത്സരവും കളിക്കും. നേരത്തെ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഓസീസ് ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍ ടീമില്‍ ഇടം നേടിയെങ്കിലും പരമ്പരയ്ക്ക് മുന്നോടിയായി നിന്നും പിന്‍മാറിയിരുന്നു.
അതേസമയം ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യന്‍ ടീം പരമ്പരയില്‍ ബഹുദൂരം മുന്നിലാണ്. പരമ്പര വിജയിക്കണമെങ്കില്‍ ഓസ്‌ട്രേലിയക്ക് ബാക്കിയുള്ള മൂന്ന് മത്സരങ്ങളിലും ജയത്തില്‍ കുറഞ്ഞതൊന്നും ഓസീസ് ലക്ഷ്യം വെക്കില്ല. നവംബര്‍ 28ന് ഗുഹാവട്ടിയിലാണ് മൂന്നാം ടി-20.
Content Highlight: Six Australian players who played in the World Cup returned home ahead of the third T20 match between India and Australia.