| Monday, 26th July 2021, 11:07 pm

അസം-മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം; ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസം-മിസോറം അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തില്‍ ആറ് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തി പ്രശ്നം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പരസ്പരം നടന്ന ഏറ്റുമുട്ടലില്‍ 50ല്‍ പരം പേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പൊലീസിനു നേരെ മിസോറമില്‍നിന്നുള്ള അക്രമി സംഘം വെടിവെക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

മിസോറമിലെ കോലാസിബ് ജില്ലയും അസമിലെ ചാച്ചാര്‍ ജില്ലയും അതിര്‍ത്തിപങ്കുവെക്കുന്ന പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ആള്‍ക്കൂട്ടം സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും പൊലീസിന് നേരെ കല്ലെറിഞ്ഞതായും വിവരമുണ്ട്.

അതേസമയം, അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും നേരത്തെ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ട്വിറ്റിറില്‍ ടാഗ് ചെയത് മിസോറം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് അമിത് ഷാ ഇരു മുഖ്യമന്ത്രിമാരുമായും ബന്ധപ്പെടുകയും അതിര്‍ത്തിയിലെ പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്താന്‍ അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  SIX Assam police personnel die in clashes with Mizoram

Latest Stories

We use cookies to give you the best possible experience. Learn more