| Monday, 1st October 2018, 11:36 am

അമൂലിന്റെ പരിപാടി ബി.ജെ.പി ഹൈജാക്ക് ചെയ്യുന്നു; പ്രധാനമന്ത്രിയുടെ ചടങ്ങ് ബഹിഷ്‌ക്കരിച്ച് ഡയറക്ടര്‍മാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചടങ്ങ് ബഹിഷ്‌ക്കരിച്ച് അമൂലിന്റെ വൈസ് ചെയര്‍മാന്‍ ഉള്‍പ്പടെ ആറ് ഡയറക്ടര്‍മാര്‍. അമൂലിന്റെ ചോക്ലേറ്റ് പ്ലാന്റിന്റെും അതുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളുടെയും ഉദ്ഘാടന ചടങ്ങാണ് ബഹിഷ്‌ക്കരിച്ചത്. അമൂലിന്റെ പരിപാടി ബി.ജെ.പി ഹൈജാക്ക് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണം.

പ്രധാനമന്ത്രി വരുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ അതൊരു രാഷ്ട്രീയ പരിപാടിയാകരുതെന്ന നിലപാട് ഉണ്ടായിരുന്നെന്നും അമൂലിന്റെ വൈസ് ചെയര്‍മാന്‍ രാജേന്ദ്ര സിന്‍ഹ പറഞ്ഞു.

“നിരവധി പ്രധാനമന്ത്രിമാര്‍ അമൂലില്‍ വന്നിട്ടുണ്ട്. ക്ഷണക്കത്തില്‍ ബി.ജെ.പി നേതാക്കളുടെ പേരു കൊണ്ട് നിറയ്ക്കുകയാണ് ചെയ്തത്. ചടങ്ങില്‍ ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ മാത്രമാണ് സ്റ്റേജിലുണ്ടായിരുന്നത്. കര്‍ഷകരുടെ പത്ത്, പതിനഞ്ച്‌കോടി രൂപയാണ് ഈ ചടങ്ങിനായി അമൂല്‍ ചെലവഴിച്ചത്”. രാജേന്ദ്ര സിന്‍ഹ പറഞ്ഞു.


Read Also : യു.എന്നിലെ സുഷമാ സ്വരാജിന്റെ പ്രസംഗം ബി.ജെ.പിക്കുള്ള വോട്ടിന് വേണ്ടി: ശശി തരൂര്‍ എം.പി


“മറ്റ് അഞ്ച് ഡയറക്ടര്‍മാര്‍ക്കൊപ്പം ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. പരസ്പരം പുറംചൊറിയുന്ന പരിപാടിയായാണ് അത് അവസാനിച്ചത്. ആ പരിപാടിയിലൂടെ അമൂലിന് ഒന്നും ലഭിച്ചില്ല”. രാജേന്ദ്ര സിന്‍ഹ പറഞ്ഞു. ബോര്‍സാദ് നിയോജക മണ്ഡലത്തില്‍ നിന്നുളള കോണ്‍ഗ്രസ് എം.എല്‍ എയാണ് രാജേന്ദ്രസിന്‍ഹ.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ ചേര്‍ന്ന രാം സിന്‍ഹ പര്‍മാറാണ് അമൂലിന്റെ ചെയര്‍പേഴ്‌സണ്‍. മറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കൊപ്പം അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തിരുന്നു. അമൂല്‍ ബോര്‍ഡില്‍ 17 അംഗങ്ങളാണ് ഉളളത്.

ആനന്ദ്, കേദ, വഡോദര എന്നീ പ്രദേശങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം കര്‍ഷകര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

We use cookies to give you the best possible experience. Learn more