മുംബൈ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണം ഉന്നയിച്ച് ശിവസേന എം.പി. സഞ്ജയ് റൗട്ട്. വാജ്‌പേയ് അന്തരിച്ചത് യഥാര്‍ത്ഥത്തില്‍ ആഗസ്ത് 16നു തന്നെയാണോ, അതോ മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം തടസ്സപ്പെടാതിരിക്കാന്‍ മരണവിവരം പുറത്തുവിടാതെ വൈകിച്ചതാണോയെന്നാണ് ശിവസേനയുടെ മുഖപത്രം സാമ്‌നയുടെ എഡിറ്റര്‍ കൂടിയായ റൗട്ട് ചോദിക്കുന്നത്.
വാജ്‌പേയുടെ മരണവുമായി ബന്ധപ്പെട്ട് ഇത്തരത്തിലൊരു സംശയമുന്നയിക്കാനുള്ള കാരണം വ്യക്തമാക്കാതെയാണ് റൗട്ടിന്റെ പ്രസ്താവന. ദല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് വാജ്‌പേയുടെ മരണവിവരവും മരണസമയവും പുറത്തുവിട്ടിരുന്നത്.
“ജനങ്ങളല്ല, ഭരണാധികാരികളാണ് സ്വയംഭരണമെന്നാല്‍ എന്താണെന്ന് ആദ്യം മനസ്സിലാക്കേണ്ടത്. ആഗസ്ത് 16നാണ് വാജ്‌പേയി അന്തരിച്ചത്. എന്നാല്‍ ആഗസ്ത് 12-13 മുതല്‍ക്കു തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. ദേശീയ ദുഃഖാചരണവും സ്വാതന്ത്ര്യ ദിനത്തിലെ പതാക താഴ്ത്തിക്കെട്ടലും ഒഴിവാക്കാനും, പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിന് തടസ്സം വരാതിരിക്കാനും വേണ്ടിയായിരിക്കണം വാജ്‌പേയുടെ മരണവിവരം ആഗസ്ത് 16നു പുറത്തുവിട്ടത്.” റൗട്ട് പറയുന്നു.
Also Read: അമിത് ഷായുടെ സുരക്ഷക്ക് ചെലവഴിക്കുന്ന പണം വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷന്‍
“എന്താണ് സ്വയംഭരണം” എന്ന തലക്കെട്ടിലെഴുതിയ മറാത്തി ലേഖനത്തിലാണ് റൗട്ടിന്റെ ഗുരുതര ആരോപണം. വാജ്‌പേയുടെ മരണത്തില്‍ അനുശോചിച്ചു നടന്ന യോഗത്തില്‍ “ഭാരത് മാതാ കീ ജയ്” എന്നും “ജയ് ഹിന്ദ്” എന്നും ഉച്ചത്തില്‍ വിളിച്ചതിനാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയെ ശ്രീനഗറില്‍ വച്ച് ചിലര്‍ കൈയേറ്റം ചെയ്തത്. പ്രതികളെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പുതിയ ഒരു തരം “സ്വാതന്ത്ര്യ”മാണ് ഇവിടെയിപ്പോള്‍ ഉയര്‍ന്നു വരുന്നതെന്നും റൗട്ട് പരിഹസിക്കുന്നു.
ദല്‍ഹിയില്‍ അക്രമമഴിച്ചുവിടാന്‍ പദ്ധതിയിട്ട തീവ്രവാദികളെ പിടികൂടിയെന്ന വാര്‍ത്ത കേള്‍ക്കുമ്പോഴാണ് സ്വാതന്ത്ര്യ ദിനം അടുത്തെത്തി എന്ന സൂചന ലഭിക്കുന്നതെന്നും റൗട്ട് എഴുതുന്നു. അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറയുന്നുണ്ടെങ്കിലും, അഴിമതിയ്ക്ക് ഒട്ടും കുറവുണ്ടായിട്ടില്ലെന്നും ലേഖനത്തില്‍ ആരോപണമുണ്ട്.