| Saturday, 26th June 2021, 3:20 pm

കോണ്‍ഗ്രസ് ഇല്ലാതെ എന്ത് പ്രതിപക്ഷ സഖ്യം?; കോണ്‍ഗ്രസ് ഇല്ലാത്ത സഖ്യം അപൂര്‍ണമെന്ന് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കോണ്‍ഗ്രസ് ഇല്ലാതെ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപീകരിക്കുന്നത് പൂര്‍ണമാവില്ലെന്ന് ശിവസേന എം.പി. സഞ്ജയ് റാവത്ത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശക്തമായ ബദല്‍ ആവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

എന്‍.സി.പി. നേതാവ് ശരദ് പവാറിന്റെ വസതിയില്‍ എട്ട് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് റാവത്തിന്റെ പ്രസ്താവന.

കോണ്‍ഗ്രസിനെ അവഗണിച്ചുള്ള ഒരു മൂന്നാം മുന്നണിയെപ്പറ്റി ചിന്തിച്ചിട്ടില്ലെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറും നേരത്തെ പറഞ്ഞിരുന്നു.

മൂന്നാം മുന്നണിയുടെ നേതൃത്വം സംബന്ധിച്ച കാര്യവും കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും പവാര്‍ പറഞ്ഞു. സി.പി.ഐ.എം., സി.പി.ഐ., തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, ആര്‍.എല്‍.ഡി. തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളായിരുന്നു യോഗത്തിനെത്തിയത്.

ചൊവ്വാഴ്ചയായിരുന്നു എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു ചേര്‍ത്തത്.

അതേസമയം മൂന്നാം മുന്നണിക്കും നാലാം മുന്നണിക്കും ബി.ജെ.പിയെ വെല്ലുവിളിക്കാനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ പ്രതിപക്ഷ മൂന്നാം മുന്നണിക്ക് വിജയിക്കാന്‍ കഴിയില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

നേരത്തെ തന്നെ പരീക്ഷിച്ച് പരാജയപ്പെട്ട പുരാതന ആശയമാണ് മൂന്നാം മുന്നണിയെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sivsena MP Sanjay Raut about congress in opposition political party alliance making

Latest Stories

We use cookies to give you the best possible experience. Learn more