ആ സംവിധായകനെ തമിഴ് പ്രേക്ഷകര്‍ വേണ്ട രീതിയില്‍ അംഗീകരിക്കുന്നില്ല: ശിവകാര്‍ത്തികേയന്‍
Entertainment
ആ സംവിധായകനെ തമിഴ് പ്രേക്ഷകര്‍ വേണ്ട രീതിയില്‍ അംഗീകരിക്കുന്നില്ല: ശിവകാര്‍ത്തികേയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th January 2024, 8:46 am

തമിഴില്‍ യുവാക്കളുടെയും കുടുംബപ്രേക്ഷകരുടെയും ഇഷ്ടതാരമാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ ചുരുങ്ങിയ കാലം കൊണ്ട് തമിഴിലെ പ്രോമിസിങ് ആയിട്ടുള്ള നടന്മാരില്‍ ഒരാളായി മാറി. രവികുമാര്‍ സംവിധാനം ചെയ്ത അയലാന്‍ ആണ് ശിവയുടെ പുതിയ ചിത്രം. സയന്‍സ് ഫിക്ഷന്‍ ഴോണറില്‍ പെടുന്ന അയലാന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇന്‍ഡസ്ട്രിയിലെ സംവിധായകരുമായി നല്ല സൗഹൃദമാണ് ശിവയ്ക്കുള്ളത്. അതില്‍ അറ്റ്‌ലീയുമായുള്ള സൗഹൃദത്തെപ്പറ്റി സംസാരിക്കുകയായിരുന്നു താരം. ‘ അറ്റ്‌ലീ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന കാലം മുതലേ എനിക്ക് അറിയാം. നല്ല സൗഹൃദമാണ് ഞങ്ങള്‍ തമ്മില്‍. ജവാന്റെ ട്രെയ്‌ലര്‍ ഇറങ്ങിയ സമയത്ത് ഞാന്‍ അവന് മെസേജ് അയച്ചു പറഞ്ഞു, ഇനി നിനക്ക് തമിഴിലേക്ക് വരാന്‍ പറ്റില്ല, നോര്‍ത്ത് ഓഡിയന്‍സ് നിന്നെ നല്ല രീതിയില്‍ ആഘോഷിക്കും. അവരെ സംബന്ധിച്ച് ഇങ്ങനെയൊരു തീം പുതുമയുള്ളതാണ്. നീ നോക്കിക്കോ ഈ സിനിമ വമ്പന്‍ വിജയമാവും.

ഞങ്ങള്‍ തമ്മില്‍ കഥകള്‍ ഡിസ്‌കസ് ചെയ്യാറുണ്ട്. പക്ഷേ ഒരുമിച്ച് സിനിമ ചെയ്യണമെന്നുള്ള ചിന്ത വന്നിട്ടില്ല. എന്റെ സിനിമ ഇറങ്ങുമ്പോള്‍ അവനും, അവന്റെ സിനിമ ഇറങ്ങുമ്പോള്‍ ഞാനും പരസ്പരം അഭിപ്രായം പറയാറുണ്ട്. എനിക്ക് അവനില്‍ ഇഷ്ടപ്പെട്ട കാര്യം, ഒരു ലക്ഷ്യം മനസില്‍ കണ്ടാല്‍ അത് നേടിയെടുത്തിരിക്കും. എന്നാല്‍ അവന് കിട്ടിയ അച്ചീവ്‌മെന്റ് ആളുകള്‍ കുറച്ചൂടെ ആഘോഷിക്കണം എന്നുണ്ടായിരുന്നു. ഒരു ഭാഗത്ത് അറ്റ്‌ലീക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ അടുത്ത സിനിമ നല്ല രീതിയില്‍ കൊമേഴ്‌സ്യല്‍ വിജയമാക്കുന്നുണ്ട് അവന്‍. വേറെ ഏതെങ്കിലും ഇന്‍ഡസ്ട്രിയിലെ സംവിധായകന്‍ ഇതുപോലെ അച്ചീവ് ചെയ്താല്‍ അവിടത്തെ പ്രേക്ഷകര്‍ അത് നല്ല രീതിക്ക് ആഘോഷിച്ചേനെ.

നമ്മള്‍ അത് നല്ല രീതിക്ക് ആഘോഷിക്കണമെന്ന് തോന്നിയിട്ടുണ്ട്. തമിഴില്‍ നിന്ന് ഒരുത്തന്‍ ഹിന്ദിയിലേക്ക് പോയി ഷാരൂഖ് ഖാനെ നായകനാക്കി ഒരു സിനിമ ചെയ്യുക, അത് 1200 കോടിയോളം കളക്ഷന്‍ നേടുക എന്നൊക്കെ പറഞ്ഞാല്‍ അത് നിസാരകാര്യമല്ല. അവിടത്തെ ഇന്‍ഡസ്ട്രയില്‍ ഉള്ള സംവിധായകര്‍ക്ക് പോലും പറ്റാത്ത കാര്യമല്ലേ അത്. അതിനെ വിമര്‍ശിക്കാതെ ആഘോഷിക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് ഞാന്‍ എപ്പോഴും അറ്റ്‌ലിയെ പ്രശംസിക്കുന്നത്’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

മാവീരന് ശേഷം ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രമാണ് അയലാന്‍. എ.ആര്‍ റഹ്‌മാന്‍ സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിങാണ് നായിക. ഭാനുപ്രിയ, യോഗി ബാബു, കരുണാകരന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Sivkarthikeyan about his friendship with director Atlee