ഗ്വാളിയര്‍: ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ദയനീയ പ്രകടനത്തിന് കാരണം കോച്ച് മൈക്കല്‍ നോബ്‌സിന്റെ തന്ത്രങ്ങളിലെ പാളിച്ചയാണെന്ന് ടീം അംഗം ശിവേന്ദ്ര സിങ്.
ഗ്വാളിയോറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് അദ്ദേഹം കോച്ചിനെതിരെ ആഞ്ഞടിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ കോച്ചിന്റെ നിര്‍ദേശങ്ങള്‍ അതേപടി അനുസരിച്ചതാണ് തോല്‍വി വഴങ്ങാന്‍ കാരണമായതെന്നും ശിവേന്ദ്ര സിങ് പറഞ്ഞു.[]
“”അമിത ആക്രമണം ദോഷം ചെയ്തു. ആക്രമിച്ച് കളിക്കാനായിരുന്നു നിര്‍ദേശം. അങ്ങനെ വന്നപ്പോള്‍ പ്രതിരോധം ബലഹീനമായി. ഒരുപക്ഷേ സ്വതന്ത്രമായി കളിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഒരു മത്സരമെങ്കിലും ജയിക്കാമായിരുന്നു.
കളിയിലുടനീളം കോച്ചിന്റെ എല്ലാ തന്ത്രങ്ങളും പാളുന്നതാണ് കണ്ടത്. ഒരാളുടെ മേല്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാനല്ല ടീം നോക്കുന്നത്, തോല്‍വിയുടെ യഥാര്‍ത്ഥ കാരണം പറഞ്ഞെന്നേയുള്ളു, ഇനിയും ടീമിന് വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനുണ്ട്. ഇന്ത്യന്‍ ഹോക്കിക്കേറ്റ അപമാനം മാറ്റേണ്ട ചുമതല ഞങ്ങള്‍ക്കുണ്ട്- ശിവേന്ദ്ര പറഞ്ഞു.
കോച്ചിനെ മാറ്റേണ്ടതുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് ടീം മാനേജ്‌മെന്റ് ആണെന്നും വ്യക്തിപരമായ അഭിപ്രായം അക്കാര്യത്തില്‍ പറയുന്നത് ശരിയല്ലെന്നുമായിരുന്നു ശിവേന്ദ്രയുടെ മറുപടി.
പരാജയത്തിന് കോച്ച് മാത്രമല്ല കളിക്കാരും ഉത്തരവാദികളാണെന്നും അതിന് രാജ്യത്തെ കായിക പ്രേമികളോട് മാപ്പു ചോദിക്കുന്നുവെന്നും ശിവേന്ദ്ര പറഞ്ഞു.