ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു, എനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ശിവശങ്കറാണ്: സ്വപ്‌ന സുരേഷ്
Kerala News
ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു, എനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ശിവശങ്കറാണ്: സ്വപ്‌ന സുരേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th February 2022, 11:08 am

തിരുവനന്തപുരം: തനിക്ക് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണെന്ന് സ്വപ്‌ന സുരേഷ്. തന്നെ അപമാനിക്കാന്‍ ഭയങ്കരമായ രീതിയില്‍ ശിവശങ്കര്‍ ശ്രമം നടത്തുന്നതായി സ്വപ്‌ന സുരേഷ് പറഞ്ഞു.

വിവാദങ്ങളില്‍ ഒരുപാട് ദുഖം ഉണ്ട്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണമെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

‘ബി.ജെ.പിയുമായോ ആര്‍.എസ്.എസുമായോ ഒരു ബന്ധവും ഇല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പറ്റിയും അറിയില്ല. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല. കുടുംബത്തെ നോക്കാന്‍ ജോലി അത്യാവശ്യം ആണ്. വിവാദങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം,’ സ്വപ്‌ന പറഞ്ഞു.

സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസമാണ് എച്ച്.ആര്‍.ഡി.എസില്‍ ജോലിയില്‍ പ്രവേശിച്ചത്. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം. കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്ന് വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് ചുമതല.

വന്‍കിട കമ്പനികളില്‍ നിന്നും സി.എസ്.ആര്‍ ഫണ്ട് ഏകോപിപ്പിക്കുന്ന ചുമതലയാണ് സ്വപ്നക്ക് ലഭിച്ചത്. ആദിവാസി മേഖലകളില്‍ വീട് നിര്‍മാണം ഉള്‍പ്പടെ ചെയ്യുന്ന സാമൂഹ്യ സംഘടനയാണ് എച്ച്.ആര്‍.ഡി.എസ്.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാണെങ്കിലും കുറ്റക്കാരിയായി കോടതി വിധിച്ചിട്ടില്ലെന്ന് എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ മറ്റൊരു പ്രതിയായ ശിവശങ്കര്‍ ജോലിയില്‍ പ്രവേശിച്ചിട്ടും സ്വപ്നയെ സര്‍ക്കാര്‍ ഒഴിവാക്കിയെന്നും അജി കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സ്വപ്ന സുരേഷിനെ എച്ച്.ആര്‍.ഡി.എസില്‍ സി.എസ്.ആര്‍ ഡയറക്ടറായി നിയമിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ബി.ജെ.പി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

‘സ്വപ്നയുടെ നിയമനത്തിന് നിയമ സാധുതയില്ല. എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണം. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡുമായി കൂടിയാലോചിക്കാതെ അജി കൃഷ്ണന്‍ ഏകപക്ഷീയമായി എടുത്ത തീരുമാനമാണിത്. യഥാര്‍ത്ഥ ഡയറക്ടര്‍ ബോര്‍ഡിനെ വിവരമറിയിക്കാതെ എച്ച്.ആര്‍.ഡി.എ.സിയുടെ ഒഫീഷ്യല്‍ വെബസൈറ്റില്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടാക്കി, ഡയറക്ടര്‍ ബോര്‍ഡ് ചേരാതെ നിലവിലെ ചെയര്‍മാനായ എന്നോട് അനുവാദം ചോദിക്കാതെയാണ് സ്വപ്നക്ക് നിയമനം നല്‍കിയത്.

സംഘടനക്ക് ഒരുതരത്തിലുള്ള സി.എസ്.ആര്‍ ഫണ്ടും കിട്ടുന്നില്ല. അതിനുള്ള പ്രധാന കാരണം അജി കൃഷ്ണന്റെ പ്രവര്‍ത്തനം കൂടിയാണ്. വലിയ ഫണ്ട് കിട്ടാനുണ്ടെന്ന് പറഞ്ഞ് അജി കൃഷ്ണ ജനങ്ങളെ ചതിക്കുകയാണ്. ആളുകളെ പറഞ്ഞ് പറ്റിച്ച് സംഘടനയിലേക്ക് പണം നിക്ഷേപിക്കാന്‍ പറയുകയാണ്. നിയമവിരുദ്ധമായാണ് അജി പ്രവര്‍ത്തിക്കുന്നത്. അഞ്ച് കൊല്ലത്തെ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. സംഘടനയുടെ വരവ് ചെലവ് കണക്ക് കൂടി കണ്ടെത്തണം,’ എന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.

അതേസമയം, സ്വപ്ന സുരേഷ് എച്ച്.ആര്‍.ഡി.എസില്‍ ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ആദിവാസികള്‍ക്ക് വാസ യോഗ്യമല്ലാത്ത വീടുകള്‍ നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ എച്ച്.ആര്‍.ഡി.എസിനെതിരെ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തിരുന്നു.

പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ 350 കോടി എന്‍.ജി.ഒ വഴിയെത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയല്ല ഇത് പലതുമെന്നും ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളോട് അന്വേഷണം ആവശ്യപ്പെടുമെന്നും എസ്.സി/ എസ്.ടി കമ്മിഷന്‍ അംഗം എസ്.അജയകുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.


Content Highlights: Sivashankar was behind the controversy against me: Swapna Suresh