| Wednesday, 19th September 2018, 8:02 pm

ഗോവ ക്യാബിനറ്റ് ഐ.സി.യുവിലാണെന്ന് ശിവസേന: പരീക്കറിന് അന്തസ്സോടെ രാജിവയ്ക്കാമായിരുന്നെന്നും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതു വഴി ബി.ജെ.പി ജനാധിപത്യത്തെ അപമാനിക്കുകയായിരുന്നെന്ന് ശിവസേന. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ ഉത്തരവാദിത്വം ബി.ജെ.പിക്കു മാത്രമാണെന്നാണ് ശിവസേനയുടെ ആരോപണം.

ബി.ജെ.പിയുടെ സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നീ രാഷ്ട്രീയപ്പാര്‍ട്ടികളെയാണ് ശിവസേന സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നവരെന്ന് കുറ്റപ്പെടുത്തുന്നത്. ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ സംസ്ഥാന സര്‍ക്കാരിലെ ഉന്നത പദവികളിലെത്താന്‍ പരിശ്രമിക്കുകയാണെന്നും ശിവസേന മുഖപത്രമായ സാമ്‌നയില്‍ ആരോപണമുണ്ട്.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യനില വഷളായിരിക്കുകയാണ്. അദ്ദേഹത്തിന് എത്രയും പെട്ടന്ന് സുഖം പ്രാപിക്കാനാകട്ടെ എന്ന് ആശംസിക്കുന്നു എന്നു തുടങ്ങുന്ന മുഖപ്രസംഗത്തില്‍, ഗോവ ക്യാബിനറ്റ് മുഴുവനായും ഐ.സി.യുവിലായ പ്രതീതിയാണുള്ളതെന്നും പറയുന്നുണ്ട്.

Also Read: അഭ്യൂഹങ്ങള്‍ കാരണം സ്വാതന്ത്ര്യം ഇല്ലാതാക്കാനാവില്ല; ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ സുപ്രീം കോടതി

“ഗോവ നേതാക്കളില്ലാത്ത സംസ്ഥാനമായി മാറിയിരിക്കുന്നു. ഭരണകൂടത്തിന് പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയാണുള്ളത്. രാഷ്ട്രീയ സ്ഥിരതയില്ലായ്മയിലേക്കാണ് ഗോവ നീങ്ങുന്നത്. ഇതൊരു നല്ല ലക്ഷണമല്ല.” ശിവസേന വിശദീകരിക്കുന്നു.

പരീക്കറിനു ശേഷം ഗോവ ബി.ജെ.പിയില്‍ ആര് എന്നതാണ് എല്ലാവരും ഉയര്‍ത്തുന്ന ചോദ്യം. പരീക്കറിന് അന്തസ്സോടെ രാജിവയ്ക്കാമായിരുന്നു, പക്ഷേ ബി.ജെ.പിക്ക് കളങ്കിതനല്ലാത്ത ഒറ്റ നേതാവുപോലും ഇപ്പോള്‍ ഗോവയിലില്ല. പ്രതിരോധ മന്ത്രിയായിരുന്ന പരീക്കറിനെ ഗോവയിലേക്കയച്ചതാണ് ബി.ജെ.പി ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തമെന്നും ശിവസേന നേതൃത്വം ചൂണ്ടിക്കാട്ടുന്നുണ്ട്.

We use cookies to give you the best possible experience. Learn more