| Tuesday, 11th September 2018, 10:18 pm

മതനിരപേക്ഷതയുടെ പേരില്‍ ബി.ജെ.പി ഹിന്ദുക്കളെ വഞ്ചിക്കുകയാണ്; അധികാരം കിട്ടിയപ്പോള്‍ 'ഹിന്ദുത്വ ഏണി' മറന്നു: ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി ശിവസേന. “ഹിന്ദുത്വ ഏണി” ഉപയോഗിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്നും എന്നാല്‍ അതിനു ശേഷം അവര്‍ ആ “ഏണി” ഉപേക്ഷിച്ചെന്നും ശിവസേന ആരോപിക്കുന്നു.

ശിവസേന മുഖപത്രമായ “സാമ്‌ന”യുടെ മുഖപ്രസംഗത്തിലാണ് ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. “കോണ്‍ഗ്രസിനു ഒരുപരിധി വരെയെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ മുസ്ലിം സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സാധിച്ചു.


എന്നാല്‍ ബി.ജെ.പി മതനിരപേക്ഷതയുടെ പേരില്‍ ഹിന്ദുക്കളെ വഞ്ചിക്കുകയാണ്. രാജ്യത്തെ ഹിന്ദുക്കള്‍ ഇന്നും നിരാശയിലാണ്. കോണ്‍ഗ്രസ് മുസ്ലിം സമുദായത്തെ ഉപയോഗിച്ചതു പോലെ ബി.ജെ.പി ഇപ്പോള്‍ ഹിന്ദുക്കളെ ആയുധമാക്കുകയാണ്.

ഹിന്ദുക്കള്‍ക്കു നല്‍കിയ ഒരു വാഗ്ദാനങ്ങളും ബി.ജെ.പി നിറവേറ്റിയില്ല, അത് രാമക്ഷേത്രമാണെങ്കിലും ഏകീകൃത സിവില്‍ കോഡാണെങ്കിലും”. സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിനേയും മുഖപ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഹിന്ദുക്കള്‍ ഒത്തുചേര്‍ന്ന് സംഘടിക്കണമെന്ന് മോഹന്‍ ഭാഗവത് ചിക്കാഗോയില്‍ നടന്ന ലോക ഹിന്ദു കോണ്‍ഗ്രസില്‍ പറഞ്ഞതിനെതിരെയാണ് വിമര്‍ശനം.


ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഹിന്ദു കോണ്‍ഗ്രസില്‍ സ്ഥാനം ലഭിക്കാതെ എങ്ങനെ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കുന്നുവെന്ന് ശിവസേന കുറ്റപ്പെടുത്തി. ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന സര്‍ക്കാരാണ് ഇന്ന് രാജ്യത്തുള്ളതെന്നും ശിവസേന ആരോപിക്കുന്നു.

കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബി.ജെ.പിയുമായി ഉണ്ടായിരുന്ന ഇരുപത്തഞ്ചു വര്‍ഷം നീണ്ട സഖ്യം 2014ലാണ് ശിവസേന അവസാനിപ്പിച്ചത്. അതിനു ശേഷം വിവിധ വിഷയങ്ങളില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ശിവസേന നടത്തുന്നത്.

We use cookies to give you the best possible experience. Learn more