| Tuesday, 23rd February 2021, 10:13 pm

മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ചു, ഇനി നോര്‍ത്തും സൗത്തുമെന്ന് വിഭജിക്കാനാണ് കോണ്‍ഗ്രസ് ശ്രമം; രാഹുലിനെതിരെ ശിവരാജ് സിംഗ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയെ മതത്തിന്റെ പേരില്‍ വിഭജിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ വീണ്ടും വിഭജനത്തിന് ശ്രമിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു ചൗഹാന്റെ പ്രസ്താവന.

‘ഭിന്നിപ്പിക്കുക എന്ന രാഹുലിന്റെ ഉള്ളിലെ തന്ത്രമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ഇതേ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ് മതത്തിന്റെ പേരില്‍ ഇന്ത്യയെ രണ്ടായി വിഭജിച്ചത്. ഇനി വീണ്ടും ഉത്തരേന്ത്യയെന്നും ദക്ഷിണേന്ത്യയെന്നും വിഭജിക്കാനുള്ള പുറപ്പാടിലാണോ? ഇത്തരം ഗൂഢനീക്കങ്ങള്‍ ജനങ്ങള്‍ അനുവദിക്കില്ല’, ചൗഹാന്‍ പറഞ്ഞു.

വയനാട് എം.പിയായ രാഹുല്‍ ഗാന്ധി കേരളത്തില്‍ നടത്തിയ പ്രചരണ യാത്രയയ്ക്കിടെ നടത്തിയ ഒരു പരാമര്‍ശമാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി താന്‍ ഉത്തരേന്ത്യന്‍ മണ്ഡലങ്ങളില്‍ എം.പിയായി തെരഞ്ഞെടുക്കപ്പെടുന്നുവെന്നും എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ പൊതുകാര്യങ്ങളില്‍ ഇടപെടുന്ന രീതി തന്നെ ആകര്‍ഷിച്ചെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. കേരളത്തിലെത്തിയത് ഒരു റിഫ്രഷിംഗ് അനുഭവമായി തോന്നുന്നുവെന്നും രാഹുല്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ സമാപനം കുറിച്ചുള്ള ശംഖുമുഖം കടപ്പുറത്തെ കോണ്‍ഗ്രസിന്റെ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനുമെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.

സംസ്ഥാനത്തെ തൊഴില്‍രഹിതര്‍ ആശങ്കയിലാണ്. എന്തുകൊണ്ട് തൊഴിലിനായി സമരം ചെയ്യേണ്ടി വരുന്നുവെന്നും രാഹുല്‍ ചോദിച്ചു.

‘എല്‍.ഡി.എഫിനൊപ്പമാണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കില്‍ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകില്ല’, രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.ഐ.എം-ബി.ജെ.പി ധാരണയുണ്ടെന്നും രാഹുല്‍ ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Sivaraj Singh Chauhan Slams Congress

We use cookies to give you the best possible experience. Learn more