| Wednesday, 18th November 2020, 11:52 am

മധ്യപ്രദേശില്‍ കൗ കാബിനറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രത്യേക കൗ കാബിനറ്റ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. സംസ്ഥാനത്തെ കന്നുകാലികളുടെ സംരക്ഷണവും വികസനവും മുന്‍നിര്‍ത്തിയാണ് പ്രത്യേക കാബിനറ്റ് രൂപീകരണമെന്നാണ് പറഞ്ഞത്.

കന്നുകാലിവളര്‍ത്തല്‍, വനം, പഞ്ചായത്ത് ഗ്രാമീണ വികസനം, റവന്യൂ, കൃഷി വികസന വകുപ്പുകള്‍, എന്നിവ കൗ കാബിനറ്റില്‍ ഉള്‍പ്പെടുത്തും. ആദ്യയോഗം നവംബര്‍ 22 ന് നടത്തും, ശിവരാജ് സിംഗ് പറഞ്ഞു.

നേരത്തെ ലൗ ജിഹാദ് വിഷയം സംബന്ധിച്ചും മധ്യപ്രദേശ് സര്‍ക്കാര്‍ പ്രസ്താവനയിറക്കിയിരുന്നു. ലൗ ജിഹാദ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ശിക്ഷ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച നിയമം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ യു.പി, കര്‍ണ്ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളും സമാനമായ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കം.

അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും പ്രതികള്‍ക്ക് കഠിനശിക്ഷ തന്നെ ഏര്‍പ്പെടുത്തുമെന്നും മിശ്ര പറഞ്ഞു.

‘ജാമ്യമില്ലാ വകുപ്പ് വിഭാഗത്തിലാണ് ലൗ ജിഹാദ് കേസുകള്‍ ഉള്‍പ്പെടുത്തുക. മതം മാറ്റത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും ശിക്ഷയേര്‍പ്പെടുത്തും. ജിഹാദ് അല്ലാത്ത സാധാരണ മതപരിവര്‍ത്തനത്തിനും ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കും. മതംമാറ്റത്തിന് ഒരു മാസം മുമ്പ് ജില്ലാ കളക്ടറെ അറിയിക്കണം. ലൗ ജിഹാദ് കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവായിരിക്കും ശിക്ഷ’, മിശ്ര പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Cow Cabinet In Madhyapradesh

We use cookies to give you the best possible experience. Learn more