തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശപ്രകാരം അടിയേറ്റ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കേരളത്തില്‍ പഠിപ്പിക്കാന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടിയെ സംബന്ധിച്ചിടത്തോളം പഠനം അനിശ്ചിതത്തിലാണെന്നും കുട്ടിക്കും മാതാപിതാക്കള്‍ക്കും സമ്മതമാണെങ്കില്‍ കേരളത്തില്‍ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ നിസാര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നും തല്ലിച്ചത് ശരിയാണെന്ന നിലപാടാണ് അധ്യാപികയുടേതെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് ഒരു യോഗത്തില്‍ പരാമര്‍ശിച്ചു.
‘മതത്തിന്റെ പേരില്‍ മറ്റ് വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപികയുടെ നിര്‍ദേശപ്രകാരം കുട്ടിയെ ഭീകരമായി മര്‍ദിക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. നിസാര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തല്ലിച്ചത് ശരിയാണെന്ന നിലപാടാണ് അധ്യാപികയുടേത്.
ആ കുട്ടിയെ സംബന്ധിച്ചിടത്തോളം പഠിത്തം അനിശ്ചിതത്വത്തിലാണ്. മര്‍ദനത്തിനിരയായ കുട്ടിയും രക്ഷാകര്‍ത്താക്കളും തയ്യാറാണെങ്കില്‍ കേരളത്തില്‍ പഠിപ്പിക്കാന്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും തയ്യാറാണ്.
മണിപ്പൂര്‍ കലാപത്തില്‍ വീട് നഷ്ടപ്പെട്ട് മാതാപിതാക്കളോടൊപ്പം ക്യാമ്പില്‍ താമസിക്കുന്ന കുട്ടിയുടെ ഒരു ബന്ധു തിരുവനന്തപുരത്തുണ്ടായിരുന്നു. ആ കുട്ടിക്ക് ടി.സി പോലുമില്ലാതെ തൈക്കാട് സ്‌കൂളില്‍ പ്രവേശനം നല്‍കി ചരിത്രം സൃഷ്ടിച്ചു.
ആ രൂപത്തില്‍ ഭീകര മര്‍ദനത്തിനിരയായി ഇനി ആ സ്‌കൂളില്‍ പഠിക്കുവാന്‍ നിവൃത്തിയില്ലാതെ നില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ ആ കുട്ടിയെ കേരളം സ്വാഗതം ചെയ്യുകയാണ്. കേരളത്തില്‍ പഠിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കും. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് യു.പി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മറുപടി തരുമോയെന്ന് അറിയില്ല. എന്നാലും നമ്മുടെ ഒരു ഉത്തരവാദിത്തം എന്ന നിലയില്‍ ഒരു ഇമെയില്‍ സന്ദേശത്തിലൂടെ കേരളത്തിന്റെ അഭിപ്രായങ്ങള്‍ അറിയിച്ചിട്ടുണ്ട്,’ ശിവന്‍കുട്ടി പറഞ്ഞു.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ ഇത്തരം വിഭജനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ കാലതാമസം പാടില്ലെന്ന് യോഗിക്ക് അയച്ച കത്തില്‍ ശിവന്‍കുട്ടി പറഞ്ഞിരുന്നു. യോഗിക്ക് കത്തയച്ച വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവന്‍കുട്ടി പങ്കുവെച്ചത്.
‘ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍ നടന്ന സംഭവത്തിനെതിരെ അടിയന്തര കര്‍ശന നടപടി ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥിന് കത്തയച്ചു. നേഹ പബ്ലിക് സ്‌കൂളില്‍ അധ്യാപിക മറ്റ് കുട്ടികളെ കൊണ്ട് ഒരു കുട്ടിയെ അടിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികളുടെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് ഈ സംഭവം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി. നമ്മുടെ മഹത്തായ രാഷ്ട്രം നിലകൊള്ളുന്ന മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് സ്‌കൂളില്‍ സംഭവിച്ച കാര്യങ്ങള്‍.
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ ഇത്തരം വിഭജനപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ കാലതാമസം പാടില്ലെന്നും വ്യക്തമാക്കി.
കുട്ടികള്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയാണ്. വൈവിധ്യമാര്‍ന്ന സമൂഹങ്ങള്‍ക്കിടയില്‍ ആദരവും ധാരണയും ഐക്യവും വളര്‍ത്തുന്ന ഒരു അന്തരീക്ഷം അവര്‍ക്ക് നല്‍കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു,’ ശിവന്‍കുട്ടി അറിയിച്ചു.
CONTENT HIGHLIGHTS: Sivankutty says he is ready to teach in Kerala after a teacher beat up a Muslim student in UP