തിരുവനന്തപുരം: ഓസ്‌കാര്‍ ചടങ്ങില്‍ അവതാരികയായതില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ദീപികയുടെ ചിത്രം പങ്കുവെച്ചാണ് അദ്ദേഹം നടിയെ അഭിനന്ദിച്ചത്.
‘ചില വേദികളില്‍ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു’ എന്ന കാപ്ഷനോട് കൂടിയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.
അതേസമയം ഓസ്‌കാറില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ രണ്ട് ചിത്രങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
മികച്ച ഡോക്യുമെന്ററി-ഷോര്‍ട്ട് ഫിലിമായ കാര്‍ത്തികി ഗോണ്‍സാല്‍വേസ് സംവിധാനം ചെയ്ത ദ എലിഫന്റ് വിസ്പറേഴ്‌സിനെയും മികച്ച ഒറിജിനല്‍ സോങ്ങ് അവാര്‍ഡ് നേടിയ ആര്‍.ആര്‍.ആറിലെ നാുട്ടു നാട്ടു പാട്ടിനെയും അദ്ദേഹം അഭിനന്ദിച്ചു.
ഓസ്‌കാര്‍ പുരസ്‌കാര നിശയിലുണ്ടായ പതിനാറ് അവതാരകരില്‍ ഇന്ത്യയില്‍ നിന്ന് ദീപിക പദുക്കോണ്‍ മാത്രമാണുണ്ടായത്.
അടുത്തിടെ ദീപികയും ഷാരൂഖ് ഖാനും ഒന്നിച്ചഭിനയിച്ച സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാനിലെ ഗാനരംഗത്തിലെ വസ്ത്രത്തെ മുന്‍നിര്‍ത്തി നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. വസ്ത്രത്തിലെ കാവി നിറത്തില്‍ വിവാദവുമായി സംഘപരിവാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
സിനിമയ്‌ക്കെതിരെ ബഹിഷ്‌കരണാഹ്വാനവും ഉണ്ടായിരുന്നു. ദീപികക്കും ഷാരൂഖിനുമെതിരെയും നിരവധി വിമര്‍നങ്ങള്‍ ആ സമയത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമ ആയിരം കോടി കടന്ന് പ്രേക്ഷകഹൃദയം കവര്‍ന്നു.
വിവാദങ്ങള്‍ക്ക് പിന്നാലെ ദീപിക ലോകകപ്പ് വേദിയിലും ഇപ്പോള്‍ ഓസ്‌കാര്‍ വേദിയിലും പങ്കെടുത്തതിനെ ആവേശത്തോടെയും അഭിമാനത്തോടെയുമാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത്.
നിരവധി പേരാണ് ദീപികയെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്ത് വന്നിരിക്കുന്നത്.