ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ അപകടമുണ്ടായ പടക്കനിര്‍മാണശാല പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് പോലീസ്. അപകടമുണ്ടാവുന്നതിന് 24 മണിക്കൂര്‍ മുമ്പ് തന്നെ ഇത് കണ്ടെത്തുകയും പടക്കനിര്‍മാണശാല അടച്ചുപൂട്ടാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നതായി പോലീസ് പറയുന്നു. എന്നാല്‍ ഫാക്ടറിയുടെ ഉടമസ്ഥന്‍ ഇതനുസരിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.[]
ഫാക്ടറി പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തിയിട്ടും ഇതുവരെ ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. ദുരന്തം സംഭവിക്കുന്ന സമയത്ത് 300 പേര്‍ ഫാക്ടറിക്കുള്ളിലുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു.
അതിനിടെ, ദുരന്തത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ പരിചരിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് എല്ലാവിധത്തിലുള്ള ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും അവര്‍ അറിയിച്ചു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ചെന്നൈ സര്‍ക്കാര്‍ അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശിവകാശിക്ക് സമീപം പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 54 പേരാണ് മരിച്ചത്. അമ്പതിലധികം പേര്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
വിരുതുനഗര്‍ ജില്ലയിലെ ശിവകാശിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഗോവിന്ദനല്ലൂര്‍ മുതലിപട്ടിയിലെ ഓം ശക്തി ഫയര്‍ വര്‍ക്‌സിലായിരുന്നു ദുരന്തം. മരിച്ചവരില്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മലയാളികളുള്ളതായി വിവരമില്ല.
പാല്‍പാണ്ടി എന്നയാളാണ് സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നത്. പത്ത് ഏക്കറോളം വിസ്തൃതിയിലുള്ള ഫാക്ടറിയില്‍ 60 പടക്കനിര്‍മാണ അറകളാണുണ്ടായിരുന്നത്. ഇതില്‍ 40 അറകളും കത്തിനശിച്ചു.
ദീപാവലിയോടനുബന്ധിച്ച് വന്‍തോതില്‍ പടക്കം നിര്‍മിക്കവെ ഒരു മുറിയിലുണ്ടായ അഗ്നിബാധ നിമിഷങ്ങള്‍ക്കകം മറ്റിടങ്ങളിലേക്കും പടരുകയായിരുന്നു. തുടര്‍ന്ന് വെടിമരുന്ന് ഗോഡൗണിന് തീപിടിച്ചാണ് വന്‍സ്‌ഫോടനം നടന്നത്.
പടക്കശാലയിലുണ്ടായിരുന്ന നിരവധി തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഫാന്‍സി ഇന പടക്കങ്ങള്‍ നിര്‍മിച്ചിരുന്നതിനാല്‍ വന്‍തോതില്‍ രാസവസ്തുക്കളും വെടിമരുന്നും ശേഖരിച്ചതാണ് ദുരന്തത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമെന്ന് പറയുന്നു.