വളരെ ചുരുങ്ങിയ കാലം കൊണ്ട് കുടുംബപ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടിയ നടനാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ച് എന്റര്‍ടെയ്‌ന്മെന്റ് സിനിമകളിലൂടെ തമിഴ് സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ ശിവകാര്‍ത്തികേയന് സാധിച്ചു. താരത്തിന്റെ ഒടുവിലത്തെ ചിത്രം മാവീരന്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
എന്നാല്‍ താരത്തിന്റെ ചില സിനിമകള്‍ പ്രതീക്ഷിച്ച രീതിയില്‍ വിജയം കൈവരിക്കാറില്ല. അങ്ങനെ വിജയിക്കാതെ പോയ ഒരു സിനിമയെപ്പറ്റി ശിവകാര്‍ത്തികേയന്‍ സംസാരിക്കുകയാണ്. 2022ല്‍ പുറത്തിറങ്ങിയ പ്രിന്‍സ് എന്ന സിനിമയെപ്പറ്റിയാണ് പ്രതികരണം. അനുദീപ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും വിമര്‍ശനം ഏറ്റുവാങ്ങുകയും ബോക്സോഫീസില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.
ചിത്രത്തിലെ ഏറ്റവും വലിയ മിസ്‌റ്റേക്ക് താന്‍ തന്നെയാണെന്ന് പറയുകയാണ് ശിവകാര്‍ത്തികേയന്‍. ഏതെങ്കിലും തുടക്കക്കാരനായ നടനായിരുന്നെങ്കില്‍ ചിത്രത്തിന്റെ ഫലം മറ്റൊന്നായേനെയെന്നും ശിവകാര്‍ത്തികേയന്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ആ സിനിമയെ സംബന്ധിച്ച് അതിലെ ഏറ്റവും വലിയ മിസ്റ്റേക്ക് ഞാനാണെന്ന് കരുതുന്നു. ഏതെങ്കിലും ഒരു തുടക്കക്കാരനായ നായകന്‍ ആയിരുന്നെങ്കില്‍ റിസള്‍ട്ട് മറ്റൊന്നായേനെ. ജാതിരത്നലു സിനിമയുടെ വിജയവും അത് ഞാന്‍ ആസ്വദിച്ച രീതിയുമാണ് ഈ സിനിമ ചെയ്യാന്‍ കാരണം. കഥ കേട്ട് ഞാന്‍ തന്നെയാണ് ഓക്കെ പറഞ്ഞത്.
എനിക്കും സംവിധായകനുമിടയിലുള്ള ഭാഷാപ്രശ്നമോ, സ്‌ക്രിപ്റ്റിലെ പ്രധാന വിഷയത്തിന് വേണ്ടത്ര ബലമില്ലാത്തതോ എന്നൊക്കെ ഒരുപാട് കാരണങ്ങള്‍ ചിന്തിക്കാമെങ്കിലും എനിക്ക് പകരം ഒന്നോ രണ്ടോ സിനിമ ചെയ്ത മറ്റൊരു നടന്‍ ഈ സിനിമ ചെയ്തിരുന്നെങ്കില്‍ ജനങ്ങള്‍ സ്വീകരിച്ചേനെ,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.
തമിഴിലെ ആദ്യ ഏലിയന്‍ സിനിമ എന്ന വിശേഷണവുമായി വരുന്ന അയലാനാണ് ശിവയുടെ പുതിയ ചിത്രം. രവികുമാര്‍ സംവിധാനം ചെയ്യുന്ന അയലാന്‍ ജനുവരി 12ന് തിയറ്ററുകളിലെത്തും. രാകുല്‍ പ്രീത് സിങ് നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബു, ഭാനുപ്രിയ, കരുണാകരന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Sivakarthikeyan talks about the failure of prince movie