| Monday, 28th October 2024, 2:26 pm

ആ തമിഴ് സിനിമയിലെ സീനുകള്‍ കണ്ട് മലയാളം സിനിമ കാണുന്നത് പോലെ തോന്നി: ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സായ് പല്ലവിയും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് അമരന്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതമാണ് പറയുന്നത്.

ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജായി എത്തുമ്പോള്‍ പങ്കാളിയായ ഇന്ദു റെബേക്ക വര്‍ഗീസ് ആയിട്ടാണ് സായ് പല്ലവി എത്തുന്നത്. അമരനില്‍ തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടി ആയിട്ടാണ് സായ് അഭിനയിക്കുന്നത്.

അമരനില്‍ സായ് പല്ലവി കുറേ മലയാളം സംസാരിക്കുന്നുണ്ടെന്ന് പറയുകയാണ് ശിവകാര്‍ത്തികേയന്‍. ഇന്ദു റെബേക്കയുടെ ഫാമിലിയുടെ സീന്‍ കാണുമ്പോള്‍ തനിക്ക് ഒരു മലയാളം സിനിമ കാണുന്നത് പോലെയാണ് തോന്നിയതെന്നും നടന്‍ പറയുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഞായറാഴ്ച കൊച്ചി ഫോറം മാളില്‍ എത്തി സംസാരിക്കുകയായിരുന്നു നടന്‍.

‘ഈ സിനിമയില്‍ സായ് പല്ലവി കുറേ മലയാളം സംസാരിക്കുന്നുണ്ട്. എന്റെ മേജര്‍ മുകുന്ദ് എന്ന കഥാപാത്രത്തിനോട് സംസാരിക്കുമ്പോള്‍ മാത്രമാണ് സായ് തമിഴ് സംസാരിക്കുന്നത്. ഇന്ദു റെബേക്കയുടെ ഫാമിലിയുടെ സീന്‍ കാണുമ്പോള്‍ എനിക്ക് ഒരു മലയാളം സിനിമ കാണുന്നത് പോലെയാണ് തോന്നിയത്.

മലയാളമായിരുന്നു അതില്‍ അവരെല്ലാം സംസാരിച്ചത്. ആ സമയത്ത് ഞാന്‍ പെട്ടെന്ന് സബ് ടൈറ്റിലാണ് നോക്കിയത്. അപ്പോഴാണ് അത് നമ്മുടെ പടം തന്നെയാണെന്ന് ഉറപ്പിച്ചത്. അത്രയും നന്നായിട്ടാണ് രാജ്കുമാര്‍ സാര്‍ ഈ സിനിമ ചെയ്തിരിക്കുന്നത്,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

പ്രൊമോഷന്റെ ഭാഗമായി ശിവകാര്‍ത്തികേയനൊപ്പം കൊച്ചിയില്‍ എത്തിയ സായ് പല്ലവി തന്റെ മലയാളത്തെ കുറിച്ച് സംസാരിച്ചിരുന്നു. തനിക്ക് മലയാളത്തില്‍ സംസാരിക്കാന്‍ വളരെയേറെ പേടിയാണെന്നാണ് നടി പറഞ്ഞത്.

മലയാളം പെര്‍ഫക്ടായിട്ട് സംസാരിച്ചില്ലെങ്കില്‍ മറ്റുള്ളവരെ ഏതെങ്കിലും രീതിയില്‍ വേദനിപ്പിക്കുമോയെന്ന ഭയമാണെന്നും സായ് പറയുന്നു. അമരന്‍ സിനിമയിലെ തന്റെ കഥാപാത്രം തമിഴ് സംസാരിക്കുന്ന മലയാളി പെണ്‍കുട്ടിയാണെന്നും ആ കഥാപാത്രം പെര്‍ഫക്ടായി ചെയ്യാനായി 30 ദിവസം സമയമെടുത്തെന്നും നടി പറഞ്ഞു.

Content Highlight: Sivakarthikeyan Talks About Malayalam Dialogues In His Amaran Movie

We use cookies to give you the best possible experience. Learn more