| Saturday, 13th January 2024, 12:19 pm

ഒരു സിനിമ ആളുകള്‍ക്ക് ഇഷ്ടമായോ ഇല്ലയോ എന്ന് ഞാന്‍ മനസിലാക്കുന്നത് അങ്ങനെയാണ്; ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാനല്‍ അവതാരകനായി വന്ന് ചുരുങ്ങിയ കാലം കൊണ്ട് തമിഴിലെ മുന്‍നിര നടന്മാരില്‍ ഒരാളായ താരമാണ് ശിവകാര്‍ത്തികേയന്‍. കോമഡി എന്റര്‍ടൈന്മെന്റ് സിനിമകളിലൂടെ കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ടതാരമായി മാറാന്‍ ശിവക്ക് സാധിച്ചു. പോയ വര്‍ഷം പുറത്തിറങ്ങിയ മാവീരനിലെ ശിവകാര്‍ത്തികേയന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

രവികുമാര്‍ സംവിധാനം ചെയ്ത അയലാനാണ് ശിവയുടെ പുതിയ ചിത്രം. സയന്‍സ് ഫിക്ഷന്‍ ഴോണറില്‍ പെടുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസായത്. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

സ്വന്തം സിനിമകള്‍ റിലീസ് ചെയ്യുന്ന സമയത്തുള്ള മാനസികാവസ്ഥയെപ്പറ്റി ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ആ സമയത്തുള്ള മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. റിലീസിന് ശേഷം ഞാന്‍ അതിനെപ്പറ്റി ആലോചിക്കുമ്പോള്‍ സിനിമയുടെ റിസല്‍ട്ട് നമ്മുടെ മൂഡിനനുസരിച്ചായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. വളരെ കോണ്‍ഫിഡന്റ് ആയി ഇരിക്കുകയാണെങ്കില്‍ സിനിമ വര്‍ക്കായി എന്ന് മനസിലാകും.

കുറച്ച് വൈകിയാണ് എനിക്ക് ഇത് മനസിലായത്. അതുപോലെത്തന്നെ നമ്മള്‍ ഒരുപാട് കാലം കൊണ്ട് കഷ്ടപ്പെട്ട് സിനിമ എടുത്താലും അത് നമ്മളെക്കാള്‍ ഇഷ്ടപ്പെടേണ്ടത് സിനിമ കാണാന്‍ വരുന്നവരാണ്. ഒരുപാട് പ്രതീക്ഷയോടെ വരുന്നവര്‍ക്ക് സിനിമ എങ്ങനെ ഇഷ്ടപ്പെടുന്നു, ഒരു പ്രതീക്ഷയും ഇല്ലാതെ വരുന്നവര്‍ക്ക സിനിമ എങ്ങനെ ഇഷ്ടപ്പെടുന്നു, പടം മോശമാണ് എന്ന മുന്‍വിധിയോടെ വരുന്നവരുടെ റിയാക്ഷന്‍ എങ്ങനെയായിരിക്കും ഇതൊക്കെയാണ് സിനിമ. ഉദാഹരണത്തിന് ഒരു തിയേറ്ററില്‍ 700 പേര്‍ ആദ്യദിവസം സിനിമ കാണുന്നു. ഓരോരുത്തരുടെയും മൂഡ് വ്യത്യസ്തമായിരിക്കും. ആ 700 പേരില്‍ 90 ശതമാനം പേര്‍ക്ക് സിനിമ ഇഷ്ടമായാല്‍ അത് ബ്ലോക്ക്ബസ്റ്റര്‍ ആവും.

എന്നെ സംബന്ധിച്ച് ആര്‍ക്കും ഇഷ്ടമാവാതെ പോയ സിനിമയും ഇല്ല, എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സിനിമയും ഇല്ല. ആ ശതമാനക്കണക്കിലാണ് സിനിമയുടെ റിസല്‍ട്ട്. അത് അറിയാനുള്ള എക്‌സൈറ്റ്‌മെന്റാണ് എനിക്ക്,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

ശിവകാര്‍ത്തികേയനെക്കൂടാതെ രാകുല്‍ പ്രീത് സിങ്, ഭാനുപ്രിയ, യോഗി ബാബു, കരുണാകരന്‍ എന്നിവരാണ് അയലാനിലെ മറ്റ് താരങ്ങള്‍. എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Sivakarthikeyan talks about how he understands the result of his movies

We use cookies to give you the best possible experience. Learn more