| Friday, 25th November 2022, 4:31 pm

തമിഴില്‍ ഇങ്ങനെയൊരു സിനിമ ഇറങ്ങിയിട്ടില്ല, ഏത് കാട്ടില്‍കൊണ്ട് കാണിച്ചാലും ഓടും: ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആര്‍ രവി കുമാറിന്റെ സംവിധാനത്തില്‍ കെ.ജെ.ആര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന തമിഴ് സിനിമയാണ് ‘അയലാന്‍’. ശിവകാര്‍ത്തികേയനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. 2023ലാണ് സിനിമ തിയേറ്ററുകളിലെത്തുക എന്നാണ് പിന്നണി പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

അയലാന്‍ പുതിയ തരത്തിലുള്ള ചിത്രമാണെന്നും, ഇതുവരെയും തമിഴില്‍ ഇത്തരത്തിലൊരു സിനിമ വന്നിട്ടില്ലെന്നും പറയുകയാണ് ശിവകാര്‍ത്തികേയന്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.

‘എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആവേശം പകരുന്ന ചിത്രമായിരിക്കും അയലാന്‍. അങ്ങനെ തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന്റെ പ്രധാന കാരണം എന്നു പറയുന്നത്, ഇങ്ങനെയൊരു സിനിമ ഇതുവരെ നമ്മളുടെ ഭാഷയില്‍(തമിഴ്) ഇറങ്ങിയിട്ടില്ല എന്നതാണ്.

ഇത്തരം ഒരു ചിന്തയില്‍ നിന്നുമാണ് ഇങ്ങനെ ഒരു സിനിമ രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടും എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. സിനിമയെ കുറിച്ചുള്ള ചിന്ത ആരംഭിക്കുമ്പോള്‍ ഒന്നും പാന്‍ ഇന്ത്യ എന്നൊരു വാക്ക് പോലും ഞങ്ങള്‍ കേട്ടിരുന്നില്ല.

എന്നാല്‍ സിനിമയുടെ കഥയും, അവതരിപ്പിച്ചിരിക്കുന്ന രീതിയുമൊക്കെ ചിത്രത്തിനെ ഒരു പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് ഉയര്‍ത്തും. ഈ സിനിമ ഏത് നാട്ടില്‍ കൊണ്ട് കാണിച്ചാലും ഒരു പോലെ ആസ്വദിക്കാന്‍ കഴിയും. അത് തന്നെയാണ് സിനിമയുടെ പ്രധാന സവിശേഷതയും.

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള എന്തോ ഒരു അത്ഭുതം ആ സിനിമക്കുണ്ട്. കാരണം അങ്ങനെ ഒരു ഴോണറിലാണ് ഈ ചിത്രം ഞങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്,’ താരം പറഞ്ഞു.

ശിവകാര്‍ത്തികേയന് പുറമേ രാകുല്‍ പ്രീത് സിങ്, യോഗി ബാബു, ഭാനുപ്രിയ, ഇഷ കൊപ്പികര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇതൊരു സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമാണ് എന്നാണ് സംവിധായകരടക്കം ഉള്ളവര്‍ പറഞ്ഞിരിക്കുന്നത്.

അനുദീപിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രിന്‍സാണ് താരത്തിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ശിവകാര്‍ത്തികയന് പുറമേ സത്യരാജും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

CONTENT HIGHLIGHT: SIVAKARTHIKEYAN TALKS ABOUT HIS NEW MOVIE

We use cookies to give you the best possible experience. Learn more