ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ സിനിമയിലേക്കെത്തിയ നടനാണ് ശിവകാര്‍ത്തികേയന്‍. ധനുഷ് നായകനായ 3 എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശിവകാര്‍ത്തികേയന് വളരെപ്പെട്ടെന്ന് തന്നെ തമിഴിലെ മുന്‍നിര നായകന്മാരിലൊരാളാകാന്‍ സാധിച്ചു. അഭിനയത്തിന് പുറമെ ഗാന രചനയിലും ആലാപനത്തിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ശിവകാര്‍ത്തികേയനെ കേന്ദ്ര കഥാപാത്രമാക്കി സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് ഡോണ്‍. അനിരുദ്ധാണ് ഡോണിന് വേണ്ടി സംഗീതമൊരുക്കിയത്. പ്രിയങ്ക മോഹന്‍ നായികയായെത്തിയ ചിത്രത്തില്‍ എസ്.ജെ സൂര്യയും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഡോണിനെ കുറിച്ച് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ശിവകാര്‍ത്തികേയന്‍.
സിനിമയില്‍ ഇമോഷണല്‍ സീന്‍ എടുക്കുമ്പോള്‍ സെറ്റിന്റെ ആകെയുള്ള മൂഡ് തന്നെ മാറുമെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. ഡോണ്‍ സിനിമയുടെ ക്ലൈമാക്‌സ് സീന്‍ എടുക്കുമ്പോള്‍ സിനിമയുടെ സെറ്റ് ഡിസ്റ്റര്‍ബ്ഡായെന്നും ആ സീനിന് ശേഷം എല്ലാവരും വേറെ മാറി പോയി ഇരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും മൂഡ് ആ സീനുമായി കണക്ട് ആയതാണ് അതിന് കാരണമെന്നും ശിവ പറഞ്ഞു.
‘ഇമോഷണല്‍ സീന്‍ എടുക്കുമ്പോള്‍ സിനിമ സെറ്റിന്റെ ആകെയുള്ള മൂഡ് തന്നെ മാറും. ഡോണ്‍ സിനിമയുടെ ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ സെറ്റ് തന്നെ ആകെമൊത്തം ഡിസ്റ്റര്‍ബ്ഡായി. അതിലെ ആദ്യ ടേക്ക് കഴിഞ്ഞപ്പോള്‍ തന്നെ സെറ്റ് മൊത്തത്തില്‍ എന്തോപോലെ ആയി.
സെറ്റില്‍ എല്ലാവരും ഉണ്ടായിരുന്നു, ആര്‍ട്ടിസ്റ്റുകളും അല്ലാത്തവരും എല്ലാം. ഷോട്ട് കഴിഞ്ഞ ഉടനെ എല്ലാവരും പല സ്ഥലങ്ങളിലേക്ക് പോയി. ചിലര്‍ കാരവനിലേക്ക് പോയി, ചിലര്‍ പുറത്തുപോയി ഇരുന്നു ബാക്കി ഉള്ളവര്‍ വീട്ടിലെ തന്നെ ഓരോ മൂലക്ക് പോയി ഇരുന്നു. കാരണം അവരുടെയൊക്കെ മൂഡ് ആ ഇമോഷണല്‍ സീനുമായി കണക്ട് ആയിരുന്നു. സീരിയസ് സീന്‍ ഉണ്ടെങ്കില്‍ എല്ലാവരും ഷോട്ട് തുടങ്ങുമ്പോള്‍ വന്ന് ഡയറക്ടര്‍ എന്ത് പറയുന്നോ അത് സംവിധായകന് ഓക്കേ ആകുന്നത് വരെ അഭിനയിക്കും,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.