മലയാള സിനിമയെ പോലെ തമിഴ് സിനിമയും ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു തമിഴ് നടനാണ് ശിവകാര്‍ത്തികേയന്‍. മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതത്തെ കുറിച്ച് പറയുന്ന അമരനാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
ഈ സിനിമയില്‍ ‘എനിക്ക് മമ്മൂട്ടിയെ ഇഷ്ടമാണ്’ എന്ന ഒരു ഡയലോഗുണ്ടെന്നും എന്നാല്‍ തനിക്ക് മലയാള സിനിമയിലെ നിരവധി ആക്ടേഴ്‌സിനെ ഇഷ്ടമാണെന്നും പറയുകയാണ് ശിവകാര്‍ത്തികേയന്‍. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും തനിക്ക് ഇഷ്ടമാണെന്ന് നടന്‍ പറയുന്നു.
അമരന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഞായറാഴ്ച കൊച്ചി ഫോറം മാളിലെത്തി സംസാരിക്കുകയായിരുന്നു നടന്‍. ഫഹദ് ഫാസില്‍ തന്റെ സുഹൃത്താണെന്ന് പറയുന്ന ശിവകാര്‍ത്തികേയന്‍ ഇവരല്ലാതെ മലയാളത്തില്‍ ഇനിയും ആളുകളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
‘അമരന്‍ സിനിമയില്‍ എനിക്ക് മമ്മൂട്ടിയെ ഇഷ്ടമാണ് എന്ന് പറയുന്ന ഒരു ഡയലോഗുണ്ട്. എനിക്ക് മലയാള സിനിമയിലെ നിറയെ ആക്ടേഴ്‌സിനെ ഇഷ്ടമാണ്. മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും ഇഷ്ടമാണ്. പൃഥ്വിരാജ് സാറിനെയും ഇഷ്ടമാണ്. പിന്നെ ഫഹദ് ഫാസില്‍ എന്റെ ഫ്രണ്ടാണ്. ഇവരല്ലാതെ മലയാളത്തില്‍ ഇനിയും ആളുകളുണ്ട്.
ടൊവിനോയെ പോലെയുള്ള ആളുകളുടെ പേരുകള്‍ ഞാന്‍ പറയാന്‍ വിട്ടുപോയിട്ടുണ്ട്. ഇനിയും ആളുകളുണ്ട്. ഒരു നല്ല സിനിമ വന്നാല്‍ സപ്പോര്‍ട്ട് ചെയ്യുന്ന നാടാണ് നിങ്ങളുടേത്. അമരന്‍ സിനിമയും നിങ്ങള്‍ക്ക് ഇഷ്ടമാകും എന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങളുടെ സിനിമയും നിങ്ങള്‍ സെലിബ്രേറ്റ് ചെയ്യുമെന്ന് കരുതുന്നു,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
രാജ്കുമാര്‍ പെരിയസാമിയുടെ സംവിധാനത്തിലാണ് അമരന്‍ ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയന് പുറമെ സായ് പല്ലവിയും മലയാളിയായ ശ്യാം മോഹനും ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ ഈ സിനിമയില്‍ ഒന്നിക്കുന്നുണ്ട്.
ശ്യാം മോഹന്‍ സായ് പല്ലവിയുടെ സഹോദരനായിട്ടാണ് അഭിനയിക്കുന്നത്. ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജായി എത്തുമ്പോള്‍ പങ്കാളിയായ ഇന്ദു റെബേക്ക വര്‍ഗീസ് ആയിട്ടാണ് സായ് പല്ലവി എത്തുന്നത്. കമല്‍ ഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് അമരന്‍ നിര്‍മിക്കുന്നത്.
Content Highlight: Sivakarthikeyan Talks About Fahadh Faasil