| Thursday, 21st November 2024, 7:04 pm

വിജയ് സാര്‍ ആ ഡയലോഗ് കൈയില്‍ നിന്നിട്ടതായിരുന്നു: ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് അവതരിച്ചത്. രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററിലെത്തിയ വിജയ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 400 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി. ചിത്രത്തില്‍ തമിഴ്‌ലെ പുത്തന്‍ താരദോയമായ ശിവകാര്‍ത്തികേയന്‍ അതിഥിവേഷത്തിലെത്തിയിരുന്നു.

സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്ന വിജയ് തന്റെ പിന്മുറക്കാരനെ പ്രഖ്യാപിക്കുന്ന സീനായിട്ടാണ് വിജയ്-ശിവകാര്‍ത്തികേയന്‍ എന്നിവരുള്ള സീനിനെ പലരും വ്യാഖ്യാനിച്ചത്. ആ സീനിനെക്കുറിച്ചുള്ള കഥകള്‍ പങ്കുവെക്കുകയാണ് ശിവകാര്‍ത്തികേയന്‍. വെങ്കട് പ്രഭു വിജയ്‌യോട് കഥ പറഞ്ഞ സമയത്ത് തന്നെ തന്റെ ഗസ്റ്റ് റോളിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

വിജയ് അത് കേട്ട് എക്‌സൈറ്റഡായെന്നും ഇക്കാര്യം തന്നെ വിളിച്ച് പറഞ്ഞിരുന്നെന്നും ശിവ കൂട്ടിച്ചേര്‍ത്തു. ഷൂട്ട് തുടങ്ങിയ സമയം മുതല്‍ ഈ സീനിനെക്കുറിച്ച് വിജയ് ചോദിച്ചുകൊണ്ടേയിരുന്നെന്നും തന്നെ വിളിച്ച് സംസാരിച്ചെന്നും ശിവ പറഞ്ഞു. ഹൈദരബാദില്‍ വെച്ചാണ് ആ സീന്‍ എടുത്തതെന്നും തലേദിവസമാണ് സീന്‍ എന്താണെന്ന് തന്നോട് വെങ്കട് പ്രഭു വിശദീകരിച്ചതെന്നും ശിവ കൂട്ടിച്ചേര്‍ത്തു.

ഷോട്ട് എടുക്കുന്ന സമയത്ത് വിജയ്‌യാണ് ‘തുപ്പാക്കിയെ പുടിങ്ക ശിവ’ എന്ന് ഡയലോഗ് മാറ്റിയതെന്നും സ്‌ക്രിപ്റ്റില്‍ അങ്ങനെയല്ലായിരുന്നെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. അമരന്റെ സക്‌സസ് സെലിബ്രേഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് ശിവ ഇക്കാര്യം പറഞ്ഞത്.

‘ഗോട്ടിന്റെ കഥ വെങ്കട് സാര്‍ വിജയ് സാറിനോട് പറഞ്ഞപ്പോള്‍ തന്നെ എന്റെ സീനിനെപ്പറ്റി സംസാരിച്ചിരുന്നു. അത് കേട്ടതും വിജയ് സാര്‍ എക്‌സൈറ്റഡായെന്ന് വെങ്കട് പ്രഭു എന്നെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും എന്നെ കണ്‍വിന്‍സ് ചെയ്യിക്കണമെന്നും വിജയ് സാര്‍ വെങ്കട് പ്രഭുവിനോട് പറഞ്ഞെന്ന് എന്നോട് പങ്കുവെച്ചു.

അപ്പോള്‍ പോലും എന്റെ റോള്‍ എന്താണെന്നോ സീന്‍ എന്താണെന്നോ ഒന്നും വി.പിയോട് ചോദിച്ചില്ലായിരുന്നു.ഷൂട്ട് തുടങ്ങിയ സമയത്ത് വിജയ് സാര്‍ എന്നെ വിളിച്ച് ഗോട്ടിലെ എന്റെ റോളിനെപ്പറ്റി ഓര്‍മിപ്പിച്ചു. ഡേറ്റ് ക്ലാഷാകരുതെന്നും പുള്ളി പറഞ്ഞു. ഹൈദരാബാദില്‍ വെച്ചായിരുന്നു ഞങ്ങളുടെ സീന്‍ എടുത്തത്.

തലേദിവസമാണ് എന്താണ് എന്റെ സീനെന്ന് വെങ്കട് പ്രഭു പറഞ്ഞുതന്നത്. എനിക്കും എക്‌സൈറ്റ്‌മെന്റ് വന്നു. സ്‌ക്രിപ്റ്റിലുള്ള ഡയലോഗല്ല വിജയ് സാര്‍ പറഞ്ഞത്. ‘ഭദ്രമാ പാത്തുക്കോങ്ക, സുടാതിങ്ക’ എന്നായിരുന്നു സ്‌ക്രിപ്റ്റിലെ ഡയലോഗ്. സാറാണ് ‘തുപ്പാക്കിയെ പുടിങ്ക ശിവ’ എന്ന് മാറ്റിയത്. ഇത്രക്ക് ചര്‍ച്ചയാകുമെന്ന് ആ സമയത്ത് വിചാരിച്ചില്ല,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.

Content Highlight: Sivakarthikeyan shares his experience about his cameo role in The Greatest of All Time

We use cookies to give you the best possible experience. Learn more