| Thursday, 13th July 2023, 10:46 pm

മാവീരന്‍ പോലൊരു ചിത്രം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല: ശിവ കാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശിവകാര്‍ത്തികേയനെ നായകനാക്കി മഡോണ്‍ അശ്വിന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ആക്ഷന്‍ ഡ്രാമ ത്രില്ലര്‍ ചിത്രമാണ് മാവീരന്‍. ജൂലായ് 14 ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിനായി വമ്പന്‍ പ്രതീക്ഷയിലാണ് ആരാധകര്‍.

ഇപ്പോഴിതാ മാവീരന്‍ പോലൊരു ചിത്രം ചെയ്യുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല എന്ന് പറയുകയാണ് ശിവകാര്‍ത്തികേയന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എന്റെ സിനിമ കരിയറിലെ ഏറ്റവും കൂടുതല്‍ ബജറ്റുള്ള ചിത്രമാണ് മാവീരന്‍. ഇങ്ങനെ ഒരു സിനിമ ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഇങ്ങനെയൊരു സിനിമ മഡോണ്‍ അശ്വിന് ചെയ്യാന്‍ കഴിയുമോ എന്ന് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുന്‍ ചിത്രം മണ്ടേല കണ്ടപ്പോഴാണ് അത് മാറിയത്. മണ്ടേല ബജറ്റ് കൊണ്ട് ചെറിയ ചിത്രമാണെങ്കിലും അതില്‍ കഥ പറഞ്ഞു ഫലിപ്പിച്ചിരിക്കുന്ന രീതി മികച്ചതാണ്,’ ശിവ കാര്‍ത്തികേയന്‍ പറയുന്നു.

മണ്ടേല പോലെ ഒരു ചിത്രം മികച്ച രീതിയില്‍ ചെയ്യാന്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ മഡോണ്‍ അശ്വിന്‍ എത്രമാത്രം വിഷനോടെ പ്രവര്‍ത്തിച്ചു എന്ന് ആ ചിത്രം കണ്ടാല്‍ മനസിലാക്കാന്‍ കഴിയുമെന്നും ശിവകാര്‍ത്തികേയന്‍ പറയുന്നുണ്ട്.


അതേസമയം കേരളത്തില്‍ ഉള്‍പ്പെടെ വലിയ റിലീസായിട്ടാണ് മാവീരന്‍ എത്തുന്നത്. അഥിതി ശങ്കര്‍, മിഷ്‌കിന്‍, യോഗി ബാബു, സരിത, സുനില്‍, മോനിഷ ബ്ലെസ്സി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ് ഭാഷകളില്‍ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെതായി പുറത്തുവന്ന ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സൂപ്പര്‍ഹീറോ കോമിക്‌സ് വരക്കുന്ന ഒരു യുവാവിന് അതിലെ സൂപ്പര്‍ ഹീറോയുടെ പവര്‍ ലഭിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു എന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. സംവിധായകന്‍ മിഷ്‌കിനാണ് സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ശിവകാര്‍ത്തികേയന്‍ സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴ്‌നാട്ടില്‍ വിതരണം ചെയ്യുന്നത് ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയിന്റ് മൂവീസാണ്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Content Highlight: Sivakarthikeyan says that didn’t thought that he gonna be to do the movie Maaveeran

We use cookies to give you the best possible experience. Learn more