ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിച്ചയാളാണ് ശിവകാര്‍ത്തികേയന്‍. ധനുഷ് നായകനായ ത്രീയിലെ സഹനടന്‍ വേഷമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായ ശിവകാര്‍ത്തികേയന്‍ വളരെ പെട്ടെന്ന് തമിഴ് സിനിമയുടെ മുന്‍നിരയിലേക്ക് ഓടിക്കയറി. എന്റര്‍ടൈന്മെന്റ് സിനിമകളിലൂടെ കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ടനടനായി ശിവ മാറി.
തന്റെ അടുത്ത ചിത്രമായ എസ്.കെ 22 ല്‍ ബിജു മേനോനും ഉണ്ടാകുമെന്ന് പറയുകയാണ് ശിവകാര്‍ത്തികേയന്‍. ചിത്രത്തില്‍ ബിജു മേനോന്റെ കഥാപാത്രം വളരെ ഇമ്പോര്‍ട്ടന്റും പവര്‍ഫുളും ആയിരിക്കുമെന്നും എന്നാല്‍ അതിനെ കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.
ചിത്രം സംവിധാനം ചെയ്യുന്നത് എ.ആര്‍ മുരുഗദോസ് ആണെന്നും സംവിധായകന്റെ വിന്റേജ് സ്‌റ്റൈല്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശിവകാര്‍ത്തികേയന്‍.
‘എസ്.കെ 22 ല്‍ ബിജു മേനോനും ഉണ്ട്. കുറെ ദിവസം അദ്ദേഹത്തോടൊപ്പം ഞാന്‍ അഭിനയിച്ചു. അദ്ദേഹത്തിന്റെ ക്യാരക്ടറിനെ കുറിച്ചെല്ലാം ഇപ്പോള്‍ എനിക്കൊന്നും പറയാന്‍ കഴിയില്ല. ഒരു അടിപൊളി കഥാപാത്രമാണ് എന്നാല്‍ അതെന്താണെന്ന് ഞാന്‍ പറയാന്‍ പാടില്ല.
എ.ആര്‍ മുരുഗദോസ് സാര്‍ സംവിധാനം ചെയ്യുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ് ചിത്രം. ആ സിനിമയുടെ അകത്ത് വിന്റേജ് മുരുഗദോസ് സാറിന്റെ സ്‌റ്റൈല്‍ ഉണ്ടാകും. ബിജു മേനോന്‍ സാറിന്റെ കഥാപാത്രവും വളരെ ഇമ്പോര്‍ട്ടന്റും പവര്‍ഫുളും ആയിട്ടുള്ള കഥാപാത്രമാണ്,’ ശിവകാര്‍ത്തികേയന്‍ പറയുന്നു.
ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡറായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.