Film News
കോമഡി ചെയ്യുന്നവര്‍ക്ക് ഏതുതരം വേഷവും ചെയ്യാന്‍ പറ്റും, എന്നാല്‍ സീരിയസ് വേഷങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരിക്കലും കോമഡി വഴങ്ങില്ല: ശിവകാര്‍ത്തികേയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 21, 03:19 pm
Tuesday, 21st May 2024, 8:49 pm

കോമഡി വേഷങ്ങളില്‍ തളച്ചിട്ടവര്‍ക്ക് ഏതുതരം വേഷവും നിസാരമായി ചെയ്യാന്‍ പറ്റുമെന്നും എന്നാല്‍ സ്ഥിരമായി സീരീയസ് വേഷങ്ങള്‍ മാത്രം ചെയ്തവര്‍ക്ക് ഒരിക്കലും കോമഡി ചെയ്യാന്‍ കഴിയില്ലെന്നും തമിഴ് താരം ശിവകാര്‍ത്തികേയന്‍. സൂരി നായകനാകുന്ന പുതിയ ചിത്രമായ ഗരുഡന്റെ ട്രെയ്‌ലര്‍ ലോഞ്ചിലാണ് താരം ഇക്കാര്യം പറഞ്ഞത്.

കോമഡി വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് താന്‍ സൂരിയോട് സീരിയസ് വേഷങ്ങളും ട്രൈ ചെയ്യാന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് അയാള്‍ അത് കേട്ടില്ലെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. വെട്രിമാരന്‍ വിടുതലൈയിലേക്ക് വിളിച്ച സമയത്ത് സൂരി അക്കാര്യം ആദ്യം തന്നോടാണ് പറഞ്ഞതെന്നും ആ സമയത്ത് താനാണ് സൂരിയെ കാര്യങ്ങള്‍ മനസിലാക്കി കൊടുത്തതെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ രണ്ടുപേരും കോമഡി കഥാപാത്രങ്ങള്‍ മാത്രം ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞാന്‍ സൂരിയെ ഒരുപാട് ഉപദേശിച്ചിരുന്നു. ഇടയ്ക്ക് കോമഡിയൊക്കെ മാറ്റിപ്പിടിക്കെന്ന് പറഞ്ഞപ്പോള്‍ പുള്ളിക്ക് നല്ല പേടിയായിരുന്നു. എങ്ങനെ ചെയ്ത് ഫലിപ്പിക്കുമെന്ന് എന്നോട് ചോദിച്ചു. അങ്ങനെയിരിക്കെ സൂരി ഒരുദിവസം എന്നെ വിളിച്ചിട്ട് വെട്രിമാരന്റെ പുതിയ സിനിമയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഒന്നും പേടിക്കാനില്ല, ധൈര്യമായി പൊയ്‌ക്കോ എന്നാണ് ഞാന്‍ അപ്പോള്‍ പറഞ്ഞത്.

പക്ഷേ പുള്ളിയുടെ പേടി വെട്രിമാരന്‍ എന്തെങ്കിലും വഴക്ക് പറയുമോ എന്നായിരുന്നില്ല, ഈ സിനിമ കഴിഞ്ഞാല്‍ ഇനി ആരെങ്കിലും വിളിക്കുമോ എന്നായിരുന്നു. ഞാന്‍ അപ്പോള്‍ പുള്ളിക്ക് കൊടുത്ത മറുപടി എന്താണെന്ന് വെച്ചാല്‍, ‘കോമഡി ചെയ്യുന്നവര്‍ക്ക് ഏത് തരം റോളും ചെയ്ത് ഫലിപ്പിക്കാന്‍ പറ്റും. ഇമോഷണല്‍ ആയാലും. വില്ലനായാലും, സീരീയസായാലും ചെയ്യാന്‍ പറ്റും.

പക്ഷേ സീരീയസ് റോളുകള്‍ മാത്രം ചെയ്യുന്നവര്‍ക്ക് ഒരിക്കലും കോമഡി ചെയ്ത് ഫലിപ്പിക്കാന്‍ പറ്റില്ല എന്നായിരുന്നു,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Content Highlight: Sivakarthikeyan saying that comedy actors can do any type of roles