ടെലിവിഷന്‍ അവതാരകനായി കരിയര്‍ ആരംഭിച്ചയാളാണ് ശിവകാര്‍ത്തികേയന്‍. ധനുഷ് നായകനായ ത്രീയിലൂടെ ശിവകാര്‍ത്തികേയന്‍ ശ്രദ്ധേയനായി. 10 വര്‍ഷത്തിനുള്ളില്‍ തമിഴിലെ മുന്‍നിര നടന്മാരില്‍ ഒരാളാകാന്‍ ശിവകാര്‍ത്തികേയന് സാധിച്ചു. ഡോക്ടര്‍, ഡോണ്‍ എന്നീ ചിത്രങ്ങള്‍ 100 കോടി ക്ലബ്ബില്‍ നേടി തമിഴിലെ മികച്ച എന്റര്‍ടൈനര്‍മാരില്‍ ഒരാളായി ശിവകാര്‍ത്തികേയന്‍ മാറി.
ശിവകാര്‍ത്തികേയന്‍ നിര്‍മിച്ച കൊട്ടുകാലിയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കഴിവുള്ളവരെ സിനിമയില്‍ പിടിച്ചുയര്‍ത്താന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. എന്നാല്‍ അവരെയെല്ലാം വളര്‍ത്തിയത് താനാണെന്ന് പറഞ്ഞുനടക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ അതുപോലെ വളര്‍ത്തിയെന്ന് പലരും പറഞ്ഞ് മടുപ്പിച്ചുവെന്നും താരം പറഞ്ഞു.
ശിവകാര്‍ത്തികേയന്റെ വാക്കുകള്‍ ധനുഷിനെ ഉദ്ദേശിച്ചതാണെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ശിവകാര്‍ത്തികേയന്റെ കരിയറില്‍ ധനുഷ് വലിയ സ്വാധീനമാണ് ഉണ്ടാക്കിയിട്ടുള്ളത്. ശിവകാര്‍ത്തികേയന്‍ നായകനായ രണ്ട് സിനിമകള്‍ നിര്‍മിച്ചത് ധനുഷായിരുന്നു. എതിര്‍ നീച്ചല്‍, കാക്കി സട്ടൈ എന്നീ സിനിമകള്‍ ശിവകാര്‍ത്തികേയന്റെ കരിയറില്‍ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം ചെറുതല്ല.
ധനുഷിന്റെ തിരുച്ചിത്രമ്പലം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ വെട്രിമാരന്‍ ശിവകാര്‍ത്തികേയന് പറ്റിയ സബ്ജക്ട് ഉണ്ടോ എന്ന് തന്നോട് ചോദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ശിവയുടെ പ്രസംഗത്തിന് പിന്നാലം വെട്രിമാരന്റെ വീഡിയോയും വൈറലായിട്ടുണ്ട്. പത്തുവര്‍ഷ മുമ്പ് താന്‍ നിന്ന സ്ഥാനത്ത് ശിവകാര്‍ത്തികേയന്‍ നില്‍ക്കുന്നതായി തോന്നിയിട്ടുണ്ടെന്നും അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ശിവ തന്നെക്കാള്‍ വലിയ സ്റ്റാറാകുമെന്നും ധനുഷ് ഒരു അഭിമുഖത്തില്‍ പറയുന്ന വീഡിയോയും വൈറലാകുന്നുണ്ട്.
ശിവകാര്‍ത്തികേയന്‍ ഇങ്ങനെ പറയരുതായിരുന്നുവെന്ന് ആരോപിച്ച് ധനുഷ് ഫാന്‍സ് സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നുണ്ട്. ആരുടെയും പേര് പരാമര്‍ശിക്കാത്തതിനാല്‍ ഇത് ധനുഷിനെ ഉദ്ദേശിച്ചല്ല എന്നാണ് ശിവകാര്‍ത്തികേയന്‍ ഫാന്‍സിന്റെ വാദം. അതേസമയം ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം രായന്‍ 150 കോടി ഇതിനോടകം കളക്ട് ചെയ്തു. ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷനാണ് ധനുഷ് രായനിലൂടെ സ്വന്തമാക്കിയത്.
Content Highlight: Sivakarthikeyan’s speech at Kottukaali trailer launch became controversial