13 വര്‍ഷം മുമ്പ് വിജയ് ടി.വിയിലെ കലക്ക പോവത് യാര്‍ എന്ന റിയാലിറ്റി ഷോയില്‍ എല്ലാവരുടെയും മനം കവര്‍ന്ന മത്സരാര്‍ത്ഥിയെ അന്നത്തെ സിനിമാക്കാരെല്ലാം ശ്രദ്ധിച്ചിരുന്നു. അസാധ്യ കോമഡി ടൈമിങ് കൈമുതലായിട്ടുള്ള ആ നടന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുമെന്ന് അന്നേ പലരും അഭിപ്രായപ്പെട്ടിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം താന്‍ അവതാരകനായി നിന്ന അതേ വിജയ് അവാര്‍ഡില്‍ പുരസ്‌കാരം നേടി ശിവകാര്‍ത്തികേയന്‍ തന്റെ വരവറിയിച്ചു.
എന്റര്‍ടൈന്മെന്റ് സിനിമകളിലൂടെ തമിഴ് പ്രേക്ഷകരെ വളരെ വേഗത്തില്‍ കൈയിലെടുക്കാന്‍ ശിവക്ക് സാധിച്ചു. 2013ല്‍ റിലീസായ വരുത്തപ്പടാത വാലിബര്‍ സംഗം എന്ന ചിത്രം ആ വര്‍ഷത്തെ ഏറ്റവുമയുര്‍ന്ന കളക്ഷന്‍ നേടിയ സിനിമകളില്‍ മൂന്നാമതെത്തിയതോടെ ശിവയെ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങി. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ തമിഴിലെ ടൈര്‍ 2 നടന്മാരില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ ശിവക്ക് സാധിച്ചു.
കുറച്ച് കോമഡി, നായികയുമായി കുറച്ച് റൊമാന്‍സ്, നാല് പാട്ടുകള്‍… ആദ്യകാലങ്ങളില്‍ ശിവകാര്‍ത്തികേയന്‍ ചിത്രങ്ങളുടെ സ്ഥിരം ടെംപ്ലേറ്റായിരുന്നു ഇത്. തന്റെ സേഫ് സോണില്‍ ശിവയെ വെല്ലാന്‍ മറ്റൊരു നടനില്ലെന്ന് തെളിയിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ ആ സേഫ് സോണില്‍ നിന്ന് പുറത്തുവരാത്തത് പലരുടെയും വിമര്‍ശനത്തിന് ഇടയാക്കി. വ്യത്യസ്ത പ്രമേയം പരീക്ഷിക്കാന്‍ നോക്കിയ ശിവകാര്‍ത്തികേയന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടിരുന്നു.
തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്ത വേലൈക്കാരന്‍ ശിവയുടെ കരിയറിലെ വ്യത്യസ്തമായ ചിത്രമായിരുന്നു. എന്നാല്‍ ഫഹദ് ഫാസിലിന്റെ ഗംഭീര പെര്‍ഫോമന്‍സ് കാരണം ശിവയെപ്പറ്റി ആരും ആ സമയത്ത് പറഞ്ഞിരുന്നില്ല. ചിത്രം ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയതും ശിവയെ പിന്നോട്ടുവലിച്ചു. തുടര്‍ന്നുവന്ന സീമരാജയും ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ടു. ഇതേസമയം തന്നെയാണ് ശിവ നിര്‍മാണത്തില്‍ തന്റെ സാന്നിധ്യമറിയിച്ചത്.
വനിതാ ക്രിക്കറ്റ് പ്രധാന പ്രമേയമായി വന്ന കനാ ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട വിജയം നേടി. ചിത്രത്തില്‍ കോച്ചിന്റെ വേഷത്തില്‍ എത്തിയത് ശിവയായിരുന്നു. ശിവയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി കനായിലെ നെല്‍സണ്‍ മാറി. നായകനായ അടുത്ത ചിത്രവും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയപ്പോഴും ശിവ തന്റെ സേഫ് സോണിലേക്ക് തിരികെപ്പോയില്ല.
സുഹൃത്തും സംവിധായകനുമായ നെല്‍സന്റെ രണ്ടാമത്തെ ചിത്രം ഡോക്ടര്‍ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. കൊവിഡ് കാലഘട്ടത്തില്‍ റിലീസ് ചെയ്തിട്ടുകൂടി വന്‍ വിജയമാണ് ഡോക്ടര്‍ സ്വന്തമാക്കിയത്. ഒരു സ്റ്റാര്‍ എന്ന നിലയിലേക്ക് ശിവയുടെ ഉയര്‍ച്ച അടുത്ത ഘട്ടത്തിലേക്ക് കടന്നത് ഡോക്ടര്‍ മുതല്‍ക്കായിരുന്നു. ഡോക്ടറിന് പിന്നാലെ വന്ന ഡോണ്‍ കൂടി 100 കോടി ക്ലബ്ബില്‍ ഇടം നേടിയപ്പോള്‍ ടൈര്‍ 2വിലെ ഏറ്റവും വലിയ സ്റ്റാറായി ശിവകാര്‍ത്തികേയന്‍ മാറി.
ഡോണിന് പിന്നാലെ എത്തിയ പ്രിന്‍സ് ശിവയുടെ കരിയറിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറി. എന്നാല്‍ പിന്നീട് വന്ന മാവീരനില്‍ അതുവരെ കാണാത്ത ശിവകാര്‍ത്തികേയനെയാണ് കാണാന്‍ സാധിച്ചത്. സൂപ്പര്‍ഹീറോ ഴോണറുകളിലെ വ്യത്യസ്തമായ പരീക്ഷണമായിരുന്നു മഡോണെ അശ്വിന്‍ സംവിധാനം ചെയ്ത മാവീരന്‍. ചിത്രം ബോക്‌സ് ഓഫീസിലും വന്‍ വിജയം സ്വന്തമാക്കി.
ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ ശിവകാര്‍ത്തികേയനും അതിഥിവേഷത്തില്‍ എത്തിയിരുന്നു. വിജയ്‌യുടെ കൈയില്‍ നിന്ന് തോക്ക് വാങ്ങുന്ന സീനിനെ തമിഴ് സിനിമയിലെ തലമുറമാറ്റം എന്നാണ് പലരും വിശേഷിപ്പിച്ചത്. വിജയ്ക്ക് ശേഷം തമിഴ് സിനിമയിലെ അടുത്ത സ്റ്റാര്‍ ശിവകാര്‍ത്തികേയനാകുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ അമരന്റെ വന്‍ വിജയവും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വിജയ്‌യെപ്പോലെ സ്റ്റാര്‍ എന്ന നിലയില്‍ മാത്രമല്ല, വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്യാന്‍ കൂടെ തനിക്ക് ചെയ്യാന്‍ കഴിയുമെന്ന് അമരനിലൂടെ ശിവ തെളിയിച്ചു. മേജര്‍ മുകുന്ദ് വരദരാജന്‍ എന്ന കഥാപാത്രം മറ്റാരെയും വെച്ച് സങ്കല്പിക്കാന്‍ കഴിയാത്ത വിധം ശിവകാര്‍ത്തികേയന്‍ മികച്ചതാക്കി. നോട്ടത്തിലും നടത്തത്തിലും ഒരു പട്ടാളക്കാരനായി ശിവ ജീവിക്കുകയായിരുന്നു.
അമരനിലെ ഇമോഷണല്‍ സീനുകളിലും ശിവയുടെ പ്രകടനം ഗംഭീരമായിരുന്നു. ഇനി വരാനിരിക്കുന്ന എ.ആര്‍ മുരുകദോസ് ചിത്രത്തിലും ശിവ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. അടുത്ത ദളപതി എന്ന് പലരും ശിവയെ വാഴ്ത്തുമ്പോള്‍ താന്‍ അതുക്കും മേലെയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. വിജയ് കൊടുത്ത തുപ്പാക്കി ആ കൈകളില്‍ ഭദ്രമെന്ന് തന്നെ പറയാം.
Content Highlight: Sivakarthikeyan’s performance in recent films