തോല്‍വിക്ക് പിന്നാലെ ജയം : ഇത് ശിവകാര്‍ത്തികേയന്‍ മൂവി പറ്റേണ്‍
Entertainment news
തോല്‍വിക്ക് പിന്നാലെ ജയം : ഇത് ശിവകാര്‍ത്തികേയന്‍ മൂവി പറ്റേണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th July 2023, 10:33 pm

ശിവകാര്‍ത്തികേയന്റേതായി ഒടുവില്‍ പുറത്തുവന്ന മാവീരന്‍ തിയേറ്ററുകളില്‍ വമ്പന്‍ വിജയം നേടി മുന്നേറുകയാണ്. ശിവകാര്‍ത്തികേയന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായി മാറുകയാണ് മാവീരന്‍.

ശിവകാര്‍ത്തികേയന്‍ സിനിമകളിലെ വിജയ പരാജയത്തിന്റെ
പറ്റേണാണ് മാവീരന്‍ വിജയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

താരത്തിന്റെ ഇതിന് മുമ്പ് വന്ന പ്രിന്‍സ് തിയേറ്ററുകളില്‍ വലിയ പരാജയം ഏറ്റു വാങ്ങിയിരുന്നു. പ്രിന്‍സ് എന്ന പരാജയ ചിത്രത്തിന് ശേഷം മാവീരന്‍ വന്ന പോലെ തന്നെ ഒരു തോല്‍വിക്ക് ശേഷം വിജയം എന്ന രീതിയില്‍ ആവര്‍ത്തിച്ച് വരുന്ന പറ്റേണ്‍ ആണ് ശിവകാര്‍ത്തികേയന്‍ സിനിമകള്‍ പിന്തുടരുന്നത് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്.

ഇത് സാധൂകരിക്കാന്‍ ശിവകാര്‍ത്തികേയന്റേതായി പുറത്തുവന്ന ചിത്രങ്ങളുടെ ലിസ്റ്റും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്.

‘മിസ്റ്റര്‍ ലോക്കല്‍’ എന്ന പരാജയ ചിത്രത്തിന് ശേഷം ‘നമ്മ വീട്ട് പിള്ളയ്’ എന്ന മികച്ച നേട്ടം സമ്മാനിച്ച ചിത്രം വന്നു. ‘ഹീറോ’ എന്ന വലിയ പരാജയം ശിവകാര്‍ത്തികേയന്റെ സിനിമ ജീവിതത്തില്‍ ഉണ്ടായപ്പോള്‍ തൊട്ട് അടുത്ത ചിത്രമായി തന്നെ നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധത്തില്‍ ‘ഡോക്ടര്‍’ വന്നു. ശിവകാര്‍ത്തികേയന്റെ സിനിമ ജീവിതത്തില്‍ വലിയ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു ‘ഡോക്ടര്‍’

പക്ഷെ പിന്നെയും അടുത്ത ചിത്രത്തില്‍ പരാജയം രുചിക്കാന്‍ ആയിരുന്നു ശിവകാര്‍ത്തികേയന് ആയത്. പ്രിന്‍സ് എന്ന ചിത്രം വലിയ നഷ്ടമാണ് നിര്‍മാതാകള്‍ക്ക് നേടി കൊടുത്തത്.

പ്രിന്‍സ് സിനിമ പരാജയപ്പെട്ടപ്പോള്‍ നിര്‍മാതാകളുടെ നഷ്ടം നികത്താന്‍ ശിവകാര്‍ത്തികേയന്‍ മുന്നോട്ട് വന്നത് വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ പ്രിന്‍സ് പരാജയപ്പെട്ട് പോയെങ്കിലും ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് മാവീരനിലൂടെ ശിവകാര്‍ത്തികേയന്‍. മഡോണി അശ്വിന്റെ സംവിധാനത്തിലാണ് മാവീരന്‍ ഒരുങ്ങിയിരിക്കുന്നത്.

നാല് ദിവസം കൊണ്ട് ചിത്രം 50 കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

Content Highlight: Sivakarthikeyan’s movie pattern is viral disscusion on social media