|

സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ട്, നെൽസണിന്റെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തതാണ്: ശിവകാർത്തികേയൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് നടൻ ശിവകാർത്തികേയൻ. സംവിധായകൻ നെൽസണിന്റെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടുണ്ടെന്നും പക്ഷെ തന്റെ സംവിധാനത്തിലുള്ള ചിത്രം ഉടൻ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹം നന്നായിട്ടുണ്ട്. ഞാൻ സംവിധായകൻ നെൽസണിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്. പക്ഷെ സിനിമ സംവിധാനം ചെയ്യാനുള്ള പ്ലാൻ അല്ലെങ്കിൽ ഒരു ഐഡിയ ഇപ്പോൾ ഇല്ല. ആഗ്രഹം എപ്പോഴും ഉണ്ട്. എനിക്കൊരു സംവിധായകൻ ആകണമെന്നായിരുന്നു ആഗ്രഹം.

എന്തായാലും ഡയറക്ട് ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷെ ഇപ്പോൾ ഞാൻ അതിനെപ്പറ്റി ചിന്തിക്കുന്നില്ല. കാരണം ആ മേഖലയെപ്പറ്റിയുള്ള അറിവ് എനിക്ക് വളരെ കുറവാനിന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് വളരെ കോൺഫിഡൻസോടെ ഇപ്പോൾ സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞത്.

ഇപ്പോൾ ഞാൻ ഫോക്കസ് ചെയ്യേണ്ടുന്ന കാര്യങ്ങൾ ഒരുപാടുണ്ട്. ഒരു നടൻ എന്ന നിലയിൽ ഒരുപാട് ഇമ്പ്രൂവ് ചെയ്യേണ്ടതായിട്ടുണ്ട്. അതിലൊക്കെയാണ് ഞാൻ ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് മറ്റൊരു മേഖലയിലേക്ക് ഡീവിയേറ്റ് ആയി പോകാൻ ആഗ്രഹിക്കുന്നില്ല,’ ശിവകാർത്തികേയൻ പറഞ്ഞു.

അഭിമുഖത്തിൽ അഭിനയിക്കാൻ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയ ചിത്രത്തെപ്പറ്റിയും അദ്ദേഹം സംസാരിച്ചു. റെമോ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ അതിരാവിലെ എഴുന്നേറ്റ് മേക്കപ്പിടണമെന്നും വൈകുന്നേരം മേക്കപ്പ് നീക്കി കഴിഞ്ഞപ്പോൾ ക്ഷീണം അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

‘റെമോ സിനിമയുടെ ഷൂട്ടിങ് വളരെ ക്ഷീണിപ്പിക്കുന്നതായിരുന്നു. രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റിട്ട് മേക്കപ്പ് ചെയ്യണം. അതിൽ നാല് മണിക്കൂർ മേക്കപ്പ് ചെയ്യാൻ വേണ്ടി വന്നു. അതുകൂടി കഴിഞ്ഞാണ് ഷൂട്ടിങ് തുടങ്ങുന്നത്. അതുവരെ നമ്മൾ എനർജി പോകാതെ നോക്കണം.

കാണുന്നവർക്ക് നമ്മൾ നല്ല പ്ലെസന്റ് ആയിരിക്കുന്നപോലെ തോന്നണം. അത് വളരെ ബുദ്ധിമുട്ടായി തോന്നി. ഷൂട്ട് ചെയ്യുമ്പോൾ നമുക്ക് അത് അനുഭവപ്പെടില്ല. ഷൂട്ടിങ് കഴിഞ്ഞ് മേക്കപ്പ് റിമൂവ് ചെയ്തതിന് ശേഷം ഞാൻ വളരെ ഡൗൺ ആയിരിക്കും. അത് എന്നെ കണ്ടാൽ തന്നെ മനസിലാകും. എല്ലാവരും എന്നോട് ചോദിക്കും സുഖമില്ലേ? എല്ലാം ഓക്കേ അല്ലെ? എന്നൊക്കെ. അത്രക്ക് ക്ഷീണം ആയിരുന്നു ആ സിനിമയുടെ ഷൂട്ടിങ് സമയത്ത്,’ ശിവകാർത്തികേയൻ പറഞ്ഞു.

Content Highlights: Sivakarthikeyan on movie direction