|

സംവിധാനരംഗത്തേക്ക് ചുവടുവെക്കാന്‍ ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ അവതാരകനായി കരിയര്‍ ആരംഭിച്ച നടനാണ് ശിവകാര്‍ത്തികേയന്‍. സഹനടനായി സിനിമാ കരിയര്‍ ആരംഭിച്ച ശിവകാര്‍ത്തികേയന്‍ എന്റര്‍ടെയ്‌നര്‍ സിനിമകളിലൂടെ വളരെ പെട്ടെന്ന് മുന്‍നിരയിലേക്കെത്തി. കനാ എന്ന സിനിമയിലൂടെ നിര്‍മാണരംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ച ശിവകാര്‍ത്തികേയന്‍ സംവിധാനരംഗത്തേക്ക് കടക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കോമഡിയില്‍ നിന്ന് ട്രാക്ക് മാറ്റി വിടുതലൈ എന്ന വെട്രിമാരന്‍ ചിത്രത്തിലൂടെ എല്ലാവരെയും ഞെട്ടിച്ച സൂരിയാണ് ചിത്രത്തിലെ നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും സൂരി തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. സൂരി നായകനാകുന്ന പുതിയ ചിത്രം ഗരുഡന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘കുറച്ചു നാള്‍ ശിവ എന്നോട് ഒരു കഥ പറഞ്ഞിരുന്നു. കേട്ടപ്പോള്‍ തന്നെ എനിക്ക് അത് ഇഷ്ടപ്പെട്ടു. ഡയറക്ടര്‍ ആരാണന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ ഇത് ഡയറക്ട് ചെയ്താലോ എന്ന് ആലോചിക്കുകയാണ്’ എന്നാണ് ശിവ അന്ന് പറഞ്ഞത്. ആരാണ് ഹീറോ എന്ന് ചോദിച്ചപ്പോള്‍, ‘നിങ്ങളെയാണ് ഹീറോയായി കരുതുന്നത്’ എന്നാണ് പറഞ്ഞത്.ഇപ്പോള്‍ ചെയ്യാനാണോ എന്ന് ചോദിച്ചപ്പോള്‍, ‘ഇപ്പോള്‍ ഇല്ല, എന്തായാലും ഈ സിനിമ ചെയ്യും’ എന്ന് ശിവ പറഞ്ഞു.

ശിവക്ക് എന്ന് ഈ സിനിമ ചെയ്യാന്‍ പറ്റുമോ, അന്ന് ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാമെന്ന് അവനോട് പറഞ്ഞു. അത്രക്ക് നല്ല കഥയാണ്. ഇപ്പോള്‍ ചെയ്യാനാണെങ്കിലും ഞാന്‍ റെഡിയാണ്. കാരണം, അവന്‍ നിര്‍മിക്കുന്ന ഒരു സിനിമയില്‍ എന്നെ നായകനാക്കിയതാണ്. അപ്പോള്‍ അവന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ എന്നെ ആവശ്യം വന്നാല്‍ ഞാന്‍ അതില്‍ അഭിനയിക്കും,’ സൂരി പറഞ്ഞു.

Content Highlight: Sivakarthikeyan making to do directorial debut

Video Stories