| Monday, 25th November 2024, 12:59 pm

രണ്ട് വര്‍ഷം മുമ്പ് സിനിമ ഉപേക്ഷിച്ച് ബിസിനസ്സിലേക്ക് തിരിഞ്ഞാലോ എന്നുവരെ ചിന്തിച്ചിരുന്നു, പക്ഷേ... ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ചയാളാണ് ശിവകാര്‍ത്തികേയന്‍. 2012ല്‍ മറീന എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ശിവകാര്‍ത്തികേയന്‍ ധനുഷ് നായകനായ ത്രീ(3)യിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് വളരെ പെട്ടെന്ന് കോളിവുഡിന്റെ മുന്‍നിരയിലേക്കെത്താന്‍ ശിവക്ക് സാധിച്ചു. യുവാക്കളുടെയും കുടുംബപ്രേക്ഷകരുടെയും ഇടയില്‍ ശിവകാര്‍ത്തികേയന്‍ വലിയ സ്വാധീനമുണ്ടാക്കിയെടുത്തു.

ഇന്ന് തമിഴിലെ ടൈര്‍ 2വിലെ വിലപിടിപ്പുള്ള താരമാണ് ശിവകാര്‍ത്തികേയന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്‍ ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. റിലീസ് ചെയ്ത് നാലാഴ്ച പിന്നിട്ടപ്പോള്‍ 300 കോടിക്കുമുകളില്‍ ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും ശിവയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി അമരന്‍ മാറി.

എന്നാല്‍ രണ്ടുവര്‍ഷം മുമ്പ് താന്‍ സിനിമ ഉപേക്ഷിച്ചാലോ എന്ന് ചിന്തിച്ചിരുന്നെന്ന് പറയുകയാണ് ശിവകാര്‍ത്തികേയന്‍. ചാനല്‍ അവതാരകന്‍ എന്ന ജോലി വിട്ട് സിനിമയിലേക്കെത്തിയ സമയത്ത് തന്റെ രക്ഷിതാക്കള്‍ തന്നെ പിന്തിരിപ്പിക്കാന്‍ നോക്കിയിരുന്നെന്നും ആരെയും പരിചയമില്ലാത്ത ഇന്‍ഡസ്ട്രിയില്‍ എങ്ങനെ സര്‍വൈവ് ചെയ്യുമെന്ന് ചോദിച്ചെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

എന്നാല്‍ അന്ന് തനിക്ക് വലിയ കോണ്‍ഫിഡന്‍സായിരുന്നെന്നും അതിന്റെ ബലത്തില്‍ ഒരുപാട് ദൂരം സഞ്ചരിച്ചെന്നും ശിവ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് സിനിമ ഉപേക്ഷിച്ച് ബിസിനസ്സിലേക്ക് കടന്നാലോ എന്ന് തന്റെ പങ്കാളിയായ ആരതിയോട് ചോദിച്ചെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

തനിക്ക് ആ സമയത്ത് സിനിമയില്‍ തുടരാന്‍ ആത്മവിശ്വാസം തന്നത് ആരതിയായിരുന്നെന്നും തന്നെക്കൊണ്ട് ഇതിലും കൂടുതല്‍ സാധിക്കുമെന്ന് പറഞ്ഞെന്നും ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് അമരന്‍ വിജയമായപ്പോള്‍ ആരതി തന്ന ആത്മവിശ്വാസത്തെപ്പറ്റി പറയാതിരിക്കാന്‍ കഴിയില്ലെന്നും ശിവ പറഞ്ഞു. പ്രുഡന്റ് മീഡിയയോട് സംസാരിക്കുകയായിരുന്നു ശിവകാര്‍ത്തികേയന്‍.

‘ചാനല്‍ ആങ്കര്‍ എന്ന ജോലി വിട്ട് ഇനി സിനിമയെ സീരിയസായി കാണാം എന്ന് ചിന്തിച്ച സമയത്ത് എന്റെ വീട്ടുകാര്‍ അന്ന് പിന്തിരിപ്പിക്കാന്‍ നോക്കിയിരുന്നു. കാരണം, സിനിമയില്‍ എനിക്ക് ആരെയും പരിചയമില്ല. ആര്‍ക്കും എന്നെ അറിയുകയുമില്ല. അത്രയും വലിയ ഒരു ഫീല്‍ഡില്‍ ആരുടെയും സഹായമില്ലാതെ എങ്ങനെ സര്‍വൈവ് ചെയ്യുമെന്നായിരുന്നു അവരുടെ പേടി.

പക്ഷേ എനിക്ക് കൂടുതല്‍ കയ്യടികളും അംഗീകാരങ്ങളും വേണമെന്ന് വാശിയായിരുന്നു. അതിന്റെ പുറത്താണ് സിനിമയിലേക്ക് കടന്നുവന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ഞാന്‍ വിചാരിച്ച സ്ഥലത്തേക്ക് എത്താന്‍ കഴിയുമോ എന്ന് ടെന്‍ഷനടിച്ചു. ആ സമയത്ത് എന്റെ പങ്കാളിയായ ആരതിയോട് സിനിമ ഉപേക്ഷിച്ച് ബിസിനസ് എന്തെങ്കിലും നോക്കിയാലോ എന്ന് ചോദിച്ചു.

എനിക്ക് എന്റെ മേലെ ഉണ്ടായിരുന്നതിനെക്കാള്‍ കോണ്‍ഫിഡന്‍സ് അവള്‍ക്ക് എന്റെ മേലെ ഉണ്ടായിരുന്നു. ‘സിനിമയില്‍ എന്തായാലും നീ ആഗ്രഹിച്ച സ്ഥലത്തേക്ക് എത്തും എന്ന് ഉറപ്പാണ്’ എന്നാണ് ആരതി അന്ന് പറഞ്ഞത്. അവള്‍ തന്ന കോണ്‍ഫിഡന്‍സിലാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്. എന്നെക്കൊണ്ട് ഇത്രയും സാധിക്കുമെങ്കില്‍ നിങ്ങളെക്കൊണ്ട് ഇതിലും വലുത് സാധിക്കും,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Content Highlight: Sivakarthikeyan explains his partner Aarthi’s influence in his career

We use cookies to give you the best possible experience. Learn more