ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയില്‍ കരിയര്‍ ആരംഭിച്ചയാളാണ് ശിവകാര്‍ത്തികേയന്‍. ധനുഷ് നായകനായ ത്രീയില്‍ സഹനടന്‍ വേഷമാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായ ശിവകാര്‍ത്തികേയന്‍ വളരെ പെട്ടെന്ന് തമിഴ് സിനിമയുടെ മുന്‍നിരയിലേക്ക് ഓടിക്കയറി. എന്റര്‍ടൈന്മെന്റ് സിനിമകളിലൂടെ കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ടനടനായി ശിവ മാറി.
ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്‍ റിലീസിന് തയാറെടുക്കുകയാണ്. രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡറായിരുന്ന മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അതേദിവസം ദുല്‍ഖറിന്റെ ലക്കി ഭാസ്‌കറും തിയേറ്ററിലെത്തുന്നുണ്ട്.
തന്റെയും ദുല്‍ഖറിന്റെയും സിനിമാജീവിതത്തിലെ സാമ്യതയെക്കുറിച്ച് സംസാരിക്കുകയാണ് ശിവകാര്‍ത്തികേയന്‍. തങ്ങള്‍ രണ്ടുപേരുടെയും ആദ്യ ചിത്രം റിലീസായത് ഒരേ ദിവസമാണെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. തന്റെ ആദ്യചിത്രമായ മറീനയും ദുല്‍ഖറിന്റെ ആദ്യചിത്രം സെക്കന്‍ഡ് ഷോയും റിലീസായത് 2012 ഫെബ്രുവരി മൂന്നിനാണെന്ന് ശിവകാര്‍ത്തികേയന്‍ കൂട്ടിച്ചേര്‍ത്തു.
ദുല്‍ഖറിന്റെ ഓരോ ചിത്രവും ഹിറ്റാകുന്നത് കാണുമ്പോള്‍ തനിക്ക് സന്തോഷമുണ്ടെന്നും ലക്കി ഭാസ്‌കറിന്‌റെ തമിഴ്‌നാട് പ്രൊമോഷന് തമ്മില്‍ കണ്ട് സംസാരിക്കാന്‍ സാധിച്ചെന്നും ശിവ പറഞ്ഞു. ആ സമയത്ത് ഈ സാമ്യത താന്‍ ദുല്‍ഖറിനോട് പറഞ്ഞെന്നും അപ്പോള്‍ തങ്ങളുടെ കൂടെയുണ്ടായിരുന്നു നടി മീനാക്ഷി ചൗധരി ആ മൊമന്റ് ഓര്‍ത്തുവെക്കാന്‍ ഫോട്ടോയെടുത്തെന്നും ശിവ കൂട്ടിച്ചേര്‍ത്തു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ശിവകാര്‍ത്തികേയന്‍.
‘എന്റെയും ദുല്‍ഖറിന്റെയും സിനിമാജീവിതത്തിലെ ഒരു കാര്യത്തില്‍ സിമിലാരിറ്റിയുണ്ട്. ഞങ്ങള്‍ രണ്ടുപേരുടെയും ആദ്യത്തെ സിനിമ റിലീസായത് ഒരേ ദിവസമാണ്. എന്റെ സിനിമ മറീനയും ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയും റിലീസ് ചെയ്തത് 2012 ഫെബ്രുവരി മൂന്നിനാണ്. കുറച്ചു മുമ്പാണ് ഞാന്‍ ഇക്കാര്യം ശ്രദ്ധിച്ചത്. ദുല്‍ഖര്‍ ഇപ്പോള്‍ എവിടെയെത്തിയെന്ന് നോക്കൂ. വീണ്ടും ഒരിക്കല്‍ കൂടി ഞങ്ങളുടെ സിനിമ ഒരേദിവസം റിലീസാകാന്‍ പോവുകയാണ്.
അയാളുടെ ഓരോ സിനിമ ഹിറ്റാകുമ്പോഴും ഞാന്‍ സന്തോഷിക്കാറുണ്ട്. കാരണം, ഞങ്ങള്‍ ഒരുമിച്ച് സിനിമയില്‍ വന്നവരാണല്ലോ. ലക്കി ഭാസ്‌കറിന്റെ പ്രൊമോഷന് വേണ്ടി ദുല്‍ഖര്‍ ചെന്നൈയില്‍ വന്നപ്പോള്‍ കാണാന്‍ സാധിച്ചു. അന്ന് ഞങ്ങളുടെ കൂടെ ആ സിനിമയിലെ നായിക മീനാക്ഷി ചൗധരിയുമുണ്ടായിരുന്നു. ആ സമയത്ത് ഈ സിമിലാരിറ്റിയുടെ കാര്യം പറഞ്ഞപ്പോള്‍ മീനാക്ഷിയാണ് ആ മൊമന്റ് ഓര്‍ത്തുവെക്കാന്‍ ഫോട്ടോയെടുത്തത്,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.
Content Highlight: Sivakarthikeyan about the similarity in his and Dulquer Salman’s cinema career