| Monday, 30th September 2024, 9:44 pm

അടുത്ത ദളപതി എന്നൊന്നും എന്നെ വിളിക്കരുത്, അവരെപ്പോലെയാകാന്‍ ആര്‍ക്കും കഴിയില്ല: ശിവകാര്‍ത്തികേയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ശിവകാര്‍ത്തികേയന്‍. ത്രീ, കേഡി ബില്ല കില്ലാഡി രംഗ എന്നീ സിനിമകളില്‍ സഹനടനായി തിളങ്ങിയ ശിവ വളരെ പെട്ടെന്ന് തമിഴിലെ മുന്‍നിര നടനായി. എന്റര്‍ടൈന്മെന്റ് സിനിമകളിലൂടെ കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ടനടനായി ശിവകാര്‍ത്തികേയന്‍ മാറി.

കഴിഞ്ഞ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി മാറിയ മാവീരനിലൂടെ മികച്ച നടനാണ് താനെന്നും ശിവ തെളിയിച്ചു. ഈ വര്‍ഷം തമിഴ് സിനിമയിലെ ഏറ്റവം വലിയ വിജയമായി മാറിയ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലും ശിവയുടെ സാന്നിധ്യമറിയിച്ചു.

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ വിജയ്‌യെ സഹായിക്കാന്‍ എത്തുന്ന കഥാപാത്രമായിരുന്നു ശിവയുടേത്. ശിവകാര്‍ത്തികേയനായിട്ടാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ വിജയ്‌യുടെ കൈയില്‍ നിന്ന് തോക്ക് വാങ്ങുന്ന സീന്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് തന്റെ പകരക്കാരനെ ഈ സീനിലൂടെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നുവെന്നും അടുത്ത ദളപതി ശിവകാര്‍ത്തികേയനാണെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്. അത്തരം പ്രസ്താവനകളോട് പ്രതികരിക്കുകയാണ് ശിവകാര്‍ത്തികേയന്‍.

അടുത്ത ദളപതി എന്നൊന്നും തന്നെ വിളിക്കരുതെന്നും അവര്‍ ചെയ്തുവെച്ചതുപോലെയുള്ള സിനിമകള്‍ ചെയ്താലൊന്നും അവരെപ്പോലെയാകില്ലെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. ഒരേയൊരു ദളപതി, ഒരേയൊരു തല, ഒരേയൊരു സൂപ്പര്‍സ്റ്റര്‍, ഒരേയൊരു ഉലകനായകന്‍ മാത്രമേ സിനിമാലോകത്ത് ഉള്ളൂവെന്നും ആരും അവര്‍ക്ക് പകരക്കാരാകില്ലെന്നും ശിവ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ അമരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഫാന്‍സ് മീറ്റിലാണ് ശിവ ഇക്കാര്യം പറഞ്ഞത്.

‘ആ സീനില്‍ വിജയ് സാറിന്റ കൂടെ അഭിനയിക്കാന്‍ പറ്റിയത് തന്നെ എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. അദ്ദേഹം എന്റെ കൈയില്‍ തോക്ക് തരുന്ന ഭാഗത്തെപ്പറ്റി പലരും സംസാരിക്കുന്നത് കേട്ടു. വിജയ് സാറിന് പകരക്കാരന്‍ ഞാനാണെന്നും അടുത്ത ദളപതി ഞാനാണെന്നും. ഒരിക്കലും അങ്ങനെയൊന്നും പറയാന്‍ പാടില്ല. അവരൊക്കെ ചെയ്തതുപോലെയുള്ള ഒന്നോ രണ്ടോ സിനിമ ചെയ്യാന്‍ പറ്റുമായിരിക്കും. പക്ഷേ അവര്‍ക്ക് പകരക്കാരനാകാന്‍ പറ്റില്ല.

വീണ്ടും പറയുന്നു, ഒരേയൊരു ദളപതി മാത്രമേയുള്ളൂ, ഒരേയൊരു തല മാത്രമേയുള്ളൂ, ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ മാത്രമേയുള്ളൂ, അതുപോലെ ഒരേയൊരു ഉലകനായകന്‍ മാത്രമേയുള്ളൂ. അത്രമാത്രം കഷ്ടപ്പെട്ടാണ് അവരൊക്കെ ആ നിലയില്‍ എത്തിയത്. ഇനി ആരൊക്കെ എന്തൊക്കെ ചെയ്താലും അവര്‍ക്ക് പകരമാകാന്‍ സാധിക്കില്ല,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

Content Highlight: Sivakarthikeyan about his scene in The Greatest of All Time movie and Vijay

We use cookies to give you the best possible experience. Learn more