ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലെ അതിഥിവേഷത്തിലൂടെ വിജയ്‌യുടെ പിന്‍ഗാമിയെന്ന് തമിഴ് സിനിമാലോകം ശിവകാര്‍ത്തികേയനെ വാഴ്ത്തിയിരുന്നു. തുടര്‍ന്ന് ശിവകാര്‍ത്തികേയന്‍ നായകനായ അമരന്‍ കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി മാറുകയും ചെയ്തു. അമരന്റെ വന്‍ വിജയത്തിന് ശേഷം ശിവകാര്‍ത്തികേയന്റെ അടുത്ത ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.
അജിത്, വിജയ്, സൂര്യ എന്നിവര്‍ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ സംവിധായകനായ എ.ആര്‍. മുരുകദോസിന്റെ കൂടെയാണ് ശിവ തന്റെ 23ാം ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മുരുകദോസിന്റെ മുന്‍ ചിത്രങ്ങളെപ്പോലെ ആക്ഷന്‍ ത്രില്ലറായാണ് ഈ ചിത്രവും ഒരുങ്ങുന്നതെന്ന് അപ്‌ഡേറ്റുകള്‍ സൂചന നല്‍കിയിരുന്നു.
ഇപ്പോഴിതാ ശിവകാര്‍ത്തികേയന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മദ്രാസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിന് വന്‍ വരവേല്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ആക്ഷനും മാസും ചേര്‍ത്ത് ഒരുക്കിയ ടീസര്‍ ചിത്രത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.
ബോളിവുഡ് താരം വിദ്യുത് ജംവാളാണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. വിജയ്- മുരുകദോസ് ചിത്രം തുപ്പാക്കിയിലെ വില്ലന്‍ വേഷത്തിലൂടെയാണ് വിദ്യുത് സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധേയനായത്. ഒരിക്കല്‍ കൂടി തമിഴില്‍ വില്ലനായി വിദ്യുത് എത്തുമ്പോള്‍ സിനിമാപ്രേമികള്‍ ആവേശത്തിലാണ്. മലയാളികളുടെ ഇഷ്ടതാരമായ ബിജു മേനോനും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊലീസ് റോളിലാണ് ബിജു മേനോന്‍ മദ്രാസിയില്‍ എത്തുന്നത്.
സപ്ത സാഗരദാച്ചേ എല്ലോ എന്ന കന്നഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ രുക്മിണി വാസന്താണ് ചിത്രത്തിലെ നായിക. തമിഴിലേക്കുള്ള രുക്മിണിയുടെ അരങ്ങേറ്റം കൂടിയാണ് മദ്രാസി. ഇവര്‍ക്ക് പുറമെ ഷബീര്‍ കല്ലറക്കല്‍, വിക്രാന്ത് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായ അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം. ഒന്നിച്ചപ്പോഴെല്ലാം ചാര്‍ട്ട് ബസ്‌റ്റേഴ്‌സ് മാത്രം നല്‍കിയ എസ്.കെ- അനിരുദ്ധ് കോമ്പോ എട്ടാം തവണയാണ് വീണ്ടും ഒന്നിക്കുന്നത്.
ശ്രീലക്ഷ്മി മൂവീസിന്റെ ബാനറില്‍ എന്‍. ശ്രീലക്ഷ്മി പ്രസാദാണ് ചിത്രം നിര്‍മിക്കുന്നത്. സുദീപ് എളമണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകര്‍ പ്രസാദാണ്. കെവിന്‍ കുമാറാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി. വിജയദശമി റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
Content Highlight: Sivakarthikeyan A R Murugadoss movie titled as Madharashi