തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡില്‍ കേരളം അവതരിപ്പിക്കുന്ന ഫ്‌ലോട്ടില്‍ നിന്നും ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ ഒഴിവാക്കി പകരം ശ്രീശങ്കരാചാര്യരുടെ പ്രതിമ വെച്ചാല്‍ സ്വീകാര്യമാണെന്ന കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ നിലപാടില്‍ ശിവഗിരി മഠം പ്രതിക്ഷേധം രേഖപ്പെടുത്തി.
ശങ്കരാചാര്യരോട് അദ്വൈതത്തിന്റെ ആചാര്യനെന്ന നിലയില്‍ ശിവഗിരി മഠത്തിന് ആദരവുണ്ട്. എന്നാല്‍ ശ്രീനാരായണ ഗുരുദേവന്‍ കോണ്‍ഗ്രസ്, ബി.ജെ.പി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കേരളീയ ജനതക്ക് ആകമാനവും സ്വീകാര്യനും ആദരണീയനുമാണെന്ന യാഥാര്‍ത്ഥ്യം ജുറിമാര്‍ പരിഗണിക്കാതെയിരുന്നതില്‍ ശിവഗിരി മഠം ഉത്കണ്ഠ രേഖപ്പെടുത്തുന്നുതായും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ടൂറിസത്തെ കൂടി ഉള്‍പ്പെടുത്തി ജഡായു പാറയും സമീപത്തുള്ള വര്‍ക്കലയെയും ചെമ്പഴന്തിയെയും പരിഗണിച്ച് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ ഫ്‌ലോട്ടിന്റെ കവാടത്തില്‍ വെയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമാണ് പരേഡിലേക്ക് ഫ്‌ലോട്ടുകള്‍ തെരഞ്ഞെടുക്കുന്ന ജൂറി തള്ളിക്കളഞ്ഞത്.
ശങ്കരാചാര്യര്‍ മഹാനാണെങ്കിലും കേരളത്തിലെ ഒരു വിഭാഗം ജനതക്ക് മാത്രമേ സ്വീകാര്യനാകുന്നുള്ളൂ. ഗുരുദേവനാകട്ടെ ജാതി മത ഭേദമില്ലാതെ ലോകമെമ്പാടുമുള്ള ജനതയ്ക്ക് ആദരണീയനാണ്.
ഈ വസ്തുത നിലനില്‍ക്കേ ഗുരുദേവപ്രതിമ റിപ്പബ്ലിക്ദിന പരേഡിലേക്ക് സമര്‍പ്പിച്ച ഫ്‌ലോട്ടില്‍ നിന്നും തള്ളിക്കളഞ്ഞതില്‍ ശിവഗിരി മഠവും ശ്രീനാരായണ പ്രസ്ഥാനങ്ങളും ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നതായും അത് ബന്ധപ്പെട്ടവരെ അറിയിക്കുന്നതായും ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
CONTENT HIGHLUGHTS: Sivagiri Madam protested against the central government’s neglect of the sree narayana guru