തിരുവനന്തപുരം: വനിതാ മതിലിനെതിരെ ശിവഗിരി മഠം. ശിവഗിരി തീര്‍ഥാടന ദിവസം വനിതാ മതില്‍ സംഘടിപ്പിച്ചത് ശരിയായില്ലെന്ന് മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരിയെ ശുഷ്‌ക്കമാക്കിയപ്പോള്‍ ചിലര്‍ മനസ്സില്‍ സന്തോഷിക്കുന്നുണ്ടെന്നും വനിതാ മതില്‍ സംഘടിപ്പിച്ചവരോട് ഭഗവാന്‍ ക്ഷമിക്കട്ടെ എന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.
ജനുവരി ഒന്നിന് ശിവഗിരിയിലേയ്ക്ക് ഭക്തര്‍ വരാന്‍ വനിതാ മതില്‍ അനുവദിച്ചില്ല. മനുഷ്യര്‍ നന്നാവുകയല്ല അവരുടെ ലക്ഷ്യമെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.
“ഭഗവാന്‍ കല്‍പ്പിച്ചു അനുഗ്രഹിച്ച ശിവഗിരി തീര്‍ഥാടന ദിവസം തന്നെ വേണ്ടിയിരുന്നോ ഇവര്‍ക്കിത് തിരഞ്ഞെടുക്കാന്‍. ഇത് പ്രബുദ്ധരായ കേരള ജനത അറിയേണ്ടതാണ്. ഞങ്ങള്‍ക്ക് പറയാനുള്ളത് നേരത്തെ പറയാതിരുന്നതാണ്. പറയേണ്ട സമയത്തു പറയാം എന്ന് ആഗ്രഹിച്ചതാണ്.
അവര്‍ക്കെല്ലാം ലക്ഷ്യമുണ്ട്. മനുഷ്യന്‍ നന്നാകാതിരിക്കലാണ് അവരുടെ ലക്ഷ്യം. മനുഷ്യന്‍ നന്നാവുകയാണെങ്കില്‍ ജനുവരി ഒന്നിന് എന്തുകൊണ്ട് ശിവഗിരിയിലേയ്ക്കു ജനങ്ങള്‍ വരാന്‍ അനുവദിച്ചില്ല. മതില്‍ സംഘടിപ്പിച്ചവരോട് ക്ഷമിക്കണമെന്ന് ശ്രീ നാരായണ ഗുരു ഭഗവാനോട് പ്രാര്‍ത്ഥിക്കാമെന്നും” സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.
അതേസമയം, കാസര്‍കോട് വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണമുണ്ടായി. ചേറ്റുകുണ്ടിലാണ് ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വനിതാ മതിലിനു നേരെ ആക്രമണമഴിച്ചുവിട്ടത്.
മതിലില്‍ പങ്കെടുത്തക്കാനെത്തിയവര്‍ക്ക് നേരെ കല്ലെറിയുകയും തുടര്‍ന്ന് റോഡരികിലുണ്ടായിരുന്ന പുല്ലിന് തീയിടുകയും ചെയ്തു. റെയില്‍വേ ട്രാക്കിന് സമീപമാണ് തീയിട്ടത്. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട്ട് പോകുന്ന റോഡിലാണ് സംഭവം.
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആര്‍.എസ്.എസ് ആക്രമണമുണ്ടായി. മനോരമ ന്യൂസിന്റെ ക്യാമറ തകര്‍ക്കുകയും റിപ്പോര്‍ട്ടര്‍ ശരത് ചന്ദ്രനെ മര്‍ദ്ദിക്കുകയും ചെയ്തു. 24 ന്യൂസിന്റെ ക്യാമറയുടെ മെമ്മറി കാര്‍ഡ് നശിപ്പിച്ചു. മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും അക്രമികള്‍ തടയുന്നുണ്ട്.