തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഭവങ്ങളില്‍ ജമീല പ്രകാശം തനിക്കെതിരെയുന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ. താന്‍ ഒരു സഹോദരി ഒരു സുഹൃത്ത് എന്ന നിലയിലേ അവരെ കണ്ടിട്ടുള്ളുവെന്നും വ്യത്യസ്തമായ ചേരിയില്‍ നില്‍ക്കുമ്പോള്‍ വ്യത്യസ്തമായ നിലപാടുകളെടുക്കുക മാത്രമാണ് ചെയ്തതെന്നും ശിവദാസന്‍ നായര്‍ പറയുന്നു.
എന്റെ മുഖത്ത് നിന്നോ ശരീരഭാഷയിലോ ചലനങ്ങളിലോ ഏതെങ്കിലും രീതിയിലുള്ള ദുരുദ്ദേശമുണ്ടെന്ന് ആര്‍ക്കെങ്കിലും ആരോപിക്കാനാവുമോ എന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. എല്ലാവര്‍ക്കും സഹോദരനേയും പിതാവിനേയും സുഹൃത്തിനേയും തിരിച്ചറിയാനുള്ള വിവേകമുണ്ടാവണം എന്നും ഏതൊരുപുരുഷനും തകര്‍ന്നു പോവുന്ന ആരോപണമാണ് തനിക്കെതിരെ ഉണ്ടായതെന്നും ശിവദാസന്‍ നായര്‍ പറഞ്ഞു.
വനിതാ എം.എല്‍.എ മാര്‍ ആക്രമണത്തിനു മുതിര്‍ന്നില്ലെന്ന വാദം തെറ്റാണെന്ന് നിയമ സഭയില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കാണിച്ച് വിശദീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെ ജമീല പ്രകാശവും വനിത എം.എല്‍.എമാരും കറുത്ത തുണിയും പേപ്പറും വലിച്ചെറിയുന്ന ദൃശ്യങ്ങളും ശിവദാസന്‍ നായര്‍ കാണിച്ചു. മുഖ്യമന്ത്രിക്കെതിരെ അസഭ്യവര്‍ഷമുണ്ടായി എന്നും അദ്ദേഹം ആരോപിച്ചു.
ഭരണകക്ഷിയിലെ എം.എല്‍.എ മാര്‍ ആരെയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആര്‍ക്കും കാണാന്‍ കഴിയില്ല ആക്രമിക്കാന്‍ വരുന്നവരെ തടയുന്ന ദൃശ്യങ്ങള്‍ മാത്രമാണ് കാണാന്‍ കഴിയുക. ആക്രമണം നടത്തിയതിന് അഞ്ച് പേര്‍ക്കെതിരെ മാത്രമേ കേസെടുത്തിട്ടുള്ളൂ അതിലേറെ പേര്‍ ആക്രമണം നടത്തിയിട്ടുണ്ട്. അത് ബാലന്‍സ് ചെയ്യാന്‍ ഭരണകക്ഷി എം.എല്‍.എ മാര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ബാലിശമാണ്. ശിവദാസന്‍ നായര്‍ പറഞ്ഞു.