ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പി വി. ശിവദാസന്‍. കോര്‍പറേറ്റ് ചൂഷണത്തിന്റെ രക്തസാക്ഷിയായ അന്ന സെബാസ്റ്റ്യനെ അപമാനിക്കും വിധത്തിലുള്ളതാണ് മന്ത്രിയുടെ പരാമര്‍ശമെന്ന് എം.പി ചൂണ്ടിക്കാട്ടി.
വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന്കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമെ സമ്മര്‍ദത്തെ നേരിടാന്‍ പറ്റുകയുള്ളുവെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
ഇതിനെതിരെയാണ് സി.പി.ഐ.എം എം.പി വിമര്‍ശനം ഉന്നയിച്ചത്. ബി.ജെ.പി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ പൊള്ളത്തരം ഈ പ്രസ്താവനയിലൂടെ വെളിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്നയുടെ മരണം ചര്‍ച്ചയായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലജെ, കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവര്‍ വസ്തുതകള്‍ക്കനുസരിച്ച് നടപടി എടുക്കുമെന്നും അറിയിച്ചിരുന്നു. ഈ നീക്കത്തെ ഉദ്ധരിച്ചായിരുന്നു എം.പിയുടെ വിമര്‍ശനം.
മനുഷ്യത്വത്തിന്റെ കണിക പോലുമില്ലാത്ത പ്രസ്താവന പിന്‍വലിച്ച് നിര്‍മല സീതാരാമന്‍ അന്നയുടെ കുടുംബത്തോട് മാപ്പ് പറയണമെന്നും എം.പി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശിവദാസന്‍ എം.പി പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മുബൈയിലെ ഏണസ്റ്റ് ആന്‍ഡ് യങിലെ ജീവനക്കാരിയായിരുന്ന യുവതിയുടെ മരണത്തില്‍ അതീവ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷന്‍ സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
മരണത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് കമ്മീഷന്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിചിത്രമായ പരാമര്‍ശം.
അന്നയുടെ പിതാവ് ഉള്‍പ്പെടെ നിരവധി ആളുകളാണ് നിര്‍മല സീതാരാമനെതിരെ രംഗത്തെത്തിയത്. തമിഴ്നാട്ടിലെ ഒരു സ്വകാര്യ കോളേജിലെ ചടങ്ങിനിടെയാണ് കേന്ദ്രമന്ത്രി വിചിത്രമായ പരാമര്‍ശം നടത്തിയത്.
Content Highlight: Sivadasan MP on Nirmala Sitharaman’s strange remark