|

ഒരു സിനിമ പോലും കണ്ടിട്ടില്ല, പക്ഷേ...; പത്ത് മിനിട്ട് കൊണ്ട് മലയാളികളെ കയ്യിലെടുത്ത ശിവണ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകര്‍ക്ക് അധികം പരിചയമില്ലാത്ത താരമായിരുന്നു ശിവ രാജ്കുമാര്‍ എന്ന ശിവണ്ണ. കന്നഡ താരം പുനീത് രാജ്കുമാര്‍ മരിച്ചപ്പോഴായിരിക്കും അദ്ദേഹത്തിന്റെ മൂത്ത സഹോദരനായ ശിവ രാജ്കുമാറിനെ മലയാളികളില്‍ കുറച്ചുപേരെങ്കിലും ശ്രദ്ധിക്കുന്നത്. അതിന് ശേഷം ബജ്‌രംഗി 2 എന്ന അദ്ദേഹത്തിന്റെ ചിത്രവും മലയാള പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി. ഭാവനയുടെ സാന്നിധ്യമായിരുന്നു അതിന് ഒരു കാരണം.

ശിവ രാജ്കുമാര്‍ അടുത്ത കാലത്ത് വീണ്ടും ശ്രദ്ധിക്കപ്പെട്ടത് ജയ്‌ലറിലൂടെയാണ്. രജിനികാന്ത് ചിത്രത്തില്‍ മലയാളത്തില്‍ നിന്നും മോഹന്‍ലാല്‍, ഹിന്ദിയില്‍ നിന്നും ജാക്കി ഷ്‌റോഫ് എന്നിങ്ങനെ അതാത് ഇന്‍ഡസ്ട്രികളിലെ പ്രധാനികളിലൊരാളായി കന്നഡയില്‍ നിന്നും ശിവ രാജ്കുമാറും എത്തിയിരുന്നു. ചിത്രത്തിന്റെ റിലീസിന് ശേഷം മോഹന്‍ലാലിനൊപ്പം ശിവ രാജ്കുമാറും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ടെങ്കില്‍ അത് പത്ത് മിനിട്ട് നേരം അദ്ദേഹം ഉണ്ടാക്കിയെടുത്ത സ്‌ക്രീന്‍ പ്രസന്‍സും സ്വാഗുമാണ്.

Spoiler Alert 

ജയ്‌ലറിലെ ശിവ രാജ്കുമാറിന് പ്രത്യേകതകള്‍ ഏറെയാണ്. ഫസ്റ്റ് ഇന്‍ട്രൊയ്ക്ക് കിട്ടാത്ത കയ്യടിയാണ് അദ്ദേഹത്തിന് സെക്കന്റ് ഇന്‍ട്രെയ്ക്ക് ലഭിച്ചത്. ആ വരവ് തന്നെ തിയേറ്റര്‍ ഇളക്കി മറിക്കാന്‍ ധാരാളമായിരുന്നു. പുനീതിന്റെ ഒരു ചിത്രം പോലും കാണാത്തവരായിരിക്കും തിയേറ്ററില്‍ അദ്ദേഹത്തിന് വേണ്ടി കയ്യടിച്ചവരില്‍ ഭൂരിഭാഗവും മലയാളികള്‍ എന്നതാണ് മറ്റൊരു പ്രത്യേകത.

ശിവ രാജ്കുമാറിന്റേതെന്ന് പോലെ മലയാളികള്‍ക്ക് രോമാഞ്ചം നല്‍കിയ കാമിയോ ആയിരുന്നു മോഹന്‍ലാലിന്റേതും. വളരെ കുറച്ച് സമയത്തേക്ക് മാത്രമാണ് ചിത്രത്തിലെത്തിയതെങ്കിലും അടുത്ത കാലത്ത് മലയാള സിനിമയിലൊന്നും ഉപയോഗിക്കപ്പെടാതെ പോയ സ്വാഗും ഗാംഭീര്യവും ആ രംഗങ്ങളിലുണ്ടായിരുന്നു. ശിവ രാജ് കുമാറിന്റേതെന്ന പോലെ തന്നെ രണ്ടാം ഒന്നാം വരവിനെക്കാള്‍ മാസായിരുന്നു ചിത്രത്തിലെ മോഹന്‍ലാലിന്റെ രണ്ടാം വരവ്.

പല ഇന്‍ഡസ്ട്രികളില്‍ നിന്നുമുള്ള താരങ്ങളെ ഒരുമിച്ച് കിട്ടിയപ്പോള്‍ അത് നന്നായി ഉപയോഗിക്കാന്‍ നെല്‍സണിലെ സംവിധായകന് കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം. ഒപ്പം വിനായകന്‍ എന്ന മാരകവില്ലനും ചിത്രത്തെ എലവേറ്റ് ചെയ്തു.

Content Highlight: Siva rajkumar’s swag and screen presence in Jailer movie

Latest Stories

Video Stories