ജയിലര്‍ വമ്പന്‍ വിജയം നേടിയതോടെ രജിനിക്കൊപ്പം ആഘോഷിക്കപ്പെട്ട പേരുകളാണ് മോഹന്‍ലാല്‍, വിനായകന്‍, ശിവ രാജ്കുമാര്‍ എന്നിവരുടേത്. കന്നഡ താരമായ ശിവ രാജ്കുമാറിന്റെ അധിക സിനിമകള്‍ മിക്ക മലയാളികളും കണ്ടിട്ടില്ല. എന്നാല്‍ പത്ത് മിനിട്ട് നേരത്തെ സ്‌ക്രീന്‍ പ്രസന്‍സും സ്വാഗും കൊണ്ട് താരം തെന്നിന്ത്യന്‍ പ്രേക്ഷകരെയാകെ കയ്യിലെടുത്തിരിക്കുകയാണ്.
ശിവ രാജ്കുമാര്‍ മലയാളത്തിലേക്ക് എത്തുന്നു എന്നുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. പൃഥ്വിരാജ് ചിത്രത്തിലൂടെയായിരിക്കും ശിവ രാജ്കുമാര്‍ എന്ന ശിവണ്ണ മലയാളത്തിലേക്ക് വരികയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരമുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങളെ ശരി വെക്കുകയാണ് ശിവ രാജ്കുമാര്‍.
എയര്‍പോര്‍ട്ടില്‍ വെച്ച് സിനിഹുഡ് മീഡിയയോടായിരുന്നു താരത്തിന്റെ പ്രതികരണം. പൃഥ്വിരാജിനൊപ്പമുള്ള മലയാള സിനിമയെ പറ്റിയുള്ള ചോദ്യത്തിനായിരുന്നു മറുപടി. ‘ഇറ്റ്‌സ് ഓണ്‍ ദി മൂവ്. പൃഥ്വിരാജ് സാറിനെ എനിക്ക് വലിയ ഇഷ്ടമാണ്. ചിത്രത്തിന്റെ പേര് അറിയില്ല. പക്ഷേ ഒരു ചിത്രം ചെയ്യും,’ ശിവ രാജ്കുമാര്‍ പറഞ്ഞു.
ജയിലര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോടും ശിവ രാജ്കുമാര്‍ നന്ദി പറഞ്ഞു. ‘വളരെ നന്ദിയുണ്ട്. നെല്‍സണ്‍ സാറിനോട്, സണ് പിക്‌ചേഴ്‌സിനോട് കലാനിധി മാരന്‍ സാറിനോട്, പിന്നെ എല്ലാ തമിഴ് മക്കളോടും നന്ദി. ഒരുപാട് സന്തോഷമായി. ഇങ്ങനെയൊരു വരവേല്‍പ്പ് ഉണ്ടാവുമെന്ന് വിചാരിച്ചതല്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും എല്ലാവരോടും നന്ദി പറയുന്നു.
ഇതൊരു വലിയ അവസരമാണ്. ഇത്തരമൊരു അവസരം എല്ലാവര്‍ക്കും കിട്ടില്ല. അങ്ങനെയൊന്ന് കിട്ടുമ്പോള്‍ അത് വിട്ടുകളയരുത്. ഈ വിജയം ഒരുപാട് സന്തോഷം നല്‍കുന്നുണ്ട്. കാരണം ഞാന്‍ ജനിച്ച നാടാണ്. ചെന്നൈയിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും.
ഒരു ചെറിയ റോളാണ് ഞാന്‍ ജയിലറില്‍ ചെയ്തത്. അതിന് ഇങ്ങനെയൊരു വരവേല്‍പ്പ് ലഭിക്കുമെന്ന് വിചാരിച്ചില്ല. ഇനി അടുത്തത് ധനുഷ് സാറിനൊപ്പമുള്ള പടമാണ്,’ ശിവ രാജ്കുമാര്‍ പറഞ്ഞു.
Content Highlight: Siva Rajkumar is coming to Malayalam