ന്യൂദല്‍ഹി: ഇന്ത്യയുടെ പലഭാഗങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് നരകതുല്യമായ അതിക്രമങ്ങളാണെന്ന് മുസ്‌ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍.
ന്യൂനപക്ഷങ്ങളുടെ അവസ്ഥ പലപ്പോഴും വംശഹത്യക്ക് സമാനമാകുകയാണെന്നും എം.പി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അന്താരാഷ്ട്ര സമൂഹം പോലും ഈ അതിക്രമങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയത് രാജ്യത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. നിരപരാധികളുടെ ജീവനും സ്വത്തിനും നേരെ ബുള്‍ഡോസര്‍ നീങ്ങുന്നത് ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ പ്രമുഖരായ ചിന്തകന്മാരും ബുദ്ധിജീവികളും പത്രപ്രവര്‍ത്തകരും കെട്ടിച്ചമച്ച കുറ്റങ്ങള്‍ ചുമത്തപെട്ട് ജയിലിലടക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇത്തരം സംഭവങ്ങള്‍ പാര്‍ലമെന്റിന്റെ ഈ സമ്മേളനത്തില്‍ സമഗ്രമായി ചര്‍ച്ച ചെയ്യണമെന്ന് ഇന്ന് പാര്‍ലമെന്റിലെ കക്ഷി നേതാക്കളുടെ യോഗത്തില്‍ വ്യക്തമാക്കി. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
ഇത് ന്യൂനപക്ഷത്തിന്റെ കാര്യമായി മാത്രമല്ല, ഇന്ത്യയുടെ മൊത്തം പ്രശ്‌നമായി കാണണം. അന്താരാഷ്ട്ര സമൂഹം പോലും രാജ്യത്തെ ഈ സംഭവത്തില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയത് രാജ്യത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്.
ഒപ്പം ശരത് പവാര്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലും പങ്കെടുത്തു , ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മാര്‍ഗരറ്റ് അല്‍വയെ മത്സരിപ്പിക്കാനും തീരുമാനിച്ചു,’ ഇ.ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.