| Thursday, 30th August 2018, 8:19 pm

ഇത് അടിയന്തരാവസ്ഥയല്ല, അതിനേക്കാള്‍ മോശം; കേന്ദ്ര സര്‍ക്കാരിന്റെ ഭയത്തിന്റെ ചിഹ്നമാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ അറസ്റ്റെന്നും പ്രഭാത് പട്‌നായിക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ അടിയന്തരാവസ്ഥയെക്കാള്‍ മോശമെന്ന് ഇടതുപക്ഷ ചിന്തകനും സാമ്പത്തികവിദഗ്ധനുമായ പ്രഭാത് പട്‌നായിക്. രാജ്യത്തൊട്ടാകെ സാമൂഹികപ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത സംഭവത്തെ അടിയന്തരാവസ്ഥക്കാലത്തോടാണ് ഉപമിക്കപ്പെടുന്നതെന്നും, എന്നാല്‍ അവസ്ഥ അതിനേക്കാള്‍ മോശമാണെന്നുമാണ് പട്‌നായിക് പറയുന്നു.

“അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റുകളുണ്ടായിരുന്നു എന്നത് ശരിയാണ്. എന്നാല്‍ സ്റ്റേറ്റിന്റെ ഭാഗത്തുനിന്നുള്ള അറസ്റ്റുകള്‍ക്കൊപ്പം, ആള്‍ക്കൂട്ടക്കൊലപാതകങ്ങളും അരങ്ങേറുകയാണ്. അടിയന്തരാവസ്ഥയെക്കാള്‍ കഷ്ടമാണിത്.” അറസ്റ്റുകളോട് പ്രതികരിച്ചുകൊണ്ട് പട്‌നായിക് പറഞ്ഞു.

നോട്ടുനിരോധനവും ജി.എസ്.ടിയും പോലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളും, തെരഞ്ഞെടുപ്പു സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയും ബി.ജെ.പിക്കെതിരായ വികാരം കര്‍ഷകരിലും തൊഴിലാളികളിലും സൃഷ്ടിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഭയത്തിലാണ്. ആ ഭയത്തിന്റെ ചിഹ്നങ്ങളാണ് ഇപ്പോള്‍ നടക്കുന്ന അറസ്റ്റുകള്‍, പട്‌നായിക് വിശദീകരിക്കുന്നു.

Also Read: മലയാളികളെ അപമാനിച്ച അര്‍ണബ് 10കോടി നല്‍കണം; പി. ശശിയുടെ വക്കീല്‍ നോട്ടീസ്

“ഒരു ശത്രുവിനെ സൃഷ്ടിച്ചെടുക്കുക എന്നത് അവരുടെ ആവശ്യമാണ്. അധികാരപരമായി അപ്രമാദിത്വം അവകാശപ്പെടുന്ന ഏതൊരു സര്‍ക്കാരും പ്രതിപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ സ്വീകരിക്കുന്ന മാര്‍ഗമാണത്. അങ്ങനെ വിസമ്മതം പ്രകടിപ്പിക്കുന്ന എല്ലാവരും ദേശദ്രോഹിയും തീവ്രവാദിയുമാകുന്നു. ഇക്കൂട്ടത്തിലെ സാമാന്യം പുതിയ പദപ്രയോഗം മാത്രമാണ് അര്‍ബന്‍ നക്‌സല്‍ എന്നത്”

അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് പൂനെ പൊലീസ് ഭീമ കോര്‍ഗാവ് അക്രമവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റു ബന്ധം ചുമത്തി ഇന്നലെ അറസ്റ്റു ചെയ്തത്. അറസ്റ്റിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നപ്പോഴും, ഗൂഢാലോചനയും നക്‌സല്‍ ബന്ധവും ആരോപിച്ച് കേന്ദ്രം പൊലീസ് നീക്കത്തെ ന്യായീകരിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more