ന്യൂദല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ ദല്‍ഹിയിലും എന്‍.ആര്‍.സി നടപ്പിലാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവ് മനോജ് തിവാരി. തലസ്ഥാനത്തെ സാഹചര്യം അതി ഗുരുതരമാണെന്നും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ എത്രയും പെട്ടെന്ന് ദല്‍ഹിയിലും എന്‍.ആര്‍.സി നടപ്പിലാക്കണമെന്നുമായിരുന്നു തിവാരി ആവശ്യപ്പെട്ടത്.
നേരത്തെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ എന്‍.ആര്‍.സി നടപ്പിലാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
‘ദല്‍ഹിയിലെ സ്ഥിതി വളരെ അപകടകരമാവുകയാണ്, അതിനാല്‍ തന്നെ എന്‍.ആര്‍.സി ആവശ്യമാണ്. ഇവിടെ സ്ഥിരതാമസമാക്കിയ അനധികൃത കുടിയേറ്റക്കാരാണ് ഏറ്റവും അപകടകാരികള്‍. സമയം വരുമ്പോള്‍ ഞങ്ങള്‍ എന്‍.ആര്‍.സി നടപ്പിലാക്കിയിരിക്കും’- എന്നാണ് മനോജ് തിവാരി പറഞ്ഞത്.
അടുത്ത വര്‍ഷം ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിവാരിയുടെ ഇത്തരമൊരു പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ഇതാദ്യമായല്ല തിവാരി ഇത്തരമൊരു കാര്യം ആവശ്യപ്പെടുന്നത്. എന്നാല്‍ തിവാരിയുടെ പ്രസ്താവനയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് വനിതാ വിഭാഗം രംഗത്തെതതി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
”മനോജ് തിവാരി ജി, ബീഹാറിലെ കൈമൂരിലാണ് ജനിച്ചത്. പഠിച്ചത് യു.പിയിലെ വാരണാസിയില്‍. മഹാരാഷ്ട്രയിലെ മുംബൈയില്‍ ജോലി ചെയ്തു. യു.പിയിലെ ഗോരഖ്പൂരില്‍ മത്സരിച്ചു, വീണ്ടും ദല്‍ഹിയില്‍ എത്തി മത്സരിച്ച ശേഷം കുടിയേറ്റക്കാരെ പുറത്താക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. വിരോധാഭാസത്തിന്റെ പേര് മാറ്റേണ്ടിയിരിക്കുന്നു. – എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ പട്ടികയില്‍ നിന്നും നിരവധി ഹിന്ദുക്കള്‍ പുറത്തായിപ്പോയെന്നും അതുകൊണ്ട് തന്നെ പട്ടിക നിരാശാജനകമാണെന്നും പ്രതികരിച്ച് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും അസം മന്ത്രിയുമായ ഹിമാനന്ദ ബിശ്വയും രംഗത്തെത്തിയിരുന്നു.
ദേശീയ പൗരത്വ പട്ടിക സമാധാനപരമായി നടപ്പിലാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അത് ഞങ്ങള്‍ ഉറപ്പുവരുത്തും. എന്നാല്‍ ഈ പട്ടിക അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ ഉതകുന്നതല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിരവധി ബംഗാളി ഹിന്ദുക്കളെ എന്‍.ആര്‍.സിയില്‍ നിന്ന് ഒഴിവാക്കിയതില്‍ ബി.ജെ.പി നേതാക്കള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, പട്ടികയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള വിദേശികളെ നീക്കം ചെയ്യാനും പുറത്താകാന്‍ സാധ്യതയുള്ള യഥാര്‍ത്ഥ പൗരന്മാരെ ചേര്‍ക്കാനുമുള്ള നടപടി എടുക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടിരുന്നു.
ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്. 3 കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍. ഒരു വര്‍ഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടിരിക്കുന്നത്.