national news
'ഇന്നത്തെ അവസ്ഥവെച്ച് നോക്കുമ്പോള്‍ അടിയന്തരാവസ്ഥയൊക്കെ എത്രയോ ഭേദം'; അന്ന് ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ന് അത് മോദി എന്നായി മാറിയെന്ന് സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 07, 11:33 am
Sunday, 7th March 2021, 5:03 pm

മുംബൈ: എന്തിനാണ് ഇപ്പോഴും 1975ലെ അടിയന്തരാവസ്ഥ കാലത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അടിയന്തരാവസ്ഥയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ കുഴിച്ചുമൂടേണ്ട സമയമായെന്നും റാവത്ത് പറഞ്ഞു. സാമ്‌നയിലെഴുതിയ ലേഖനത്തിലായിരുന്നു റാവത്തിന്റെ ഈ പരാമര്‍ശം.

രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ അടിയന്തരാവസ്ഥയൊക്കെ എത്രയോ ഭേദമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലെ നിലവിലെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ അടിയന്തരാവസ്ഥയൊക്കെ എത്രയോ ഭേദമാണ്. ഇന്നത്തെ രാജ്യത്തിന്റെ സ്ഥിതിയും അടിയന്തരാവസ്ഥക്കാലവും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്’, റാവത്ത് പറഞ്ഞു.

ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെതിരെയും റാവത്ത് പ്രതികരിച്ചു. ഒരു 22കാരിയെ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നതെന്നും ഒരു ജനാധിപത്യ രാജ്യത്തിന് ചേര്‍ന്ന നടപടിയാണോ ഇതെന്നും റാവത്ത് ചോദിച്ചു.

അടിയന്തരാവസ്ഥ കാലത്ത് മുഴങ്ങിക്കേട്ട മുദ്രാവാക്യമായിരുന്നു ഇന്ത്യയെന്നാല്‍ ഇന്ദിര എന്നത്. ഇപ്പോഴത് മാറിയെന്നും ഇന്ത്യയെന്നാല്‍ നരേന്ദ്രമോദി എന്നായെന്നും റാവത്ത് പറഞ്ഞു.

മുന്‍പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കാലത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഒരു തെറ്റായ തീരുമാനമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈയടുത്ത് പറഞ്ഞതോടെയാണ് ചര്‍ച്ചകര്‍ അടിയന്തരാവസ്ഥ കാലത്തെ ചുറ്റിപ്പറ്റി വ്യാപകമായതെന്നും അതിന്റെ യാതൊരു ആവശ്യമില്ലെന്നും റാവത്ത് പറഞ്ഞു.

‘ഇന്ന് മാധ്യമസ്ഥാപനങ്ങള്‍ വരെ നിയന്ത്രിക്കപ്പെടുന്നു. പ്രതിപക്ഷ നേതാക്കള്‍ ദിനംപ്രതി അറസ്റ്റിലാകുന്നു. പൊതുസ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നു. ചിലര്‍ അതില്‍ നിന്ന് ലാഭം കൊയ്യുന്നു. ഇതെല്ലാം തെറ്റാണെന്ന് പറയുന്നവര്‍ സര്‍ക്കാരിന്റെയും രാജ്യത്തിന്റെയും ശത്രുക്കളാകുന്നു’ റാവത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Topic of emergency should be buried once and for all’, says sanjay raut