തൊഴിലാളി യൂണിയനില്‍ ചേര്‍ന്നതിന്റെ പേരില്‍ പുറത്താക്കിയ 13 ജീവനക്കാരെ തിരിച്ചെടുക്കുക, ഇരിക്കാന്‍ അനുവദിക്കുക, ജോലിസമയം എട്ടുമണിക്കൂറാക്കുക, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, 7200 രൂപയില്‍ നിന്നും ശമ്പളം വര്‍ധിപ്പിക്കുക, ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നത് നിര്‍ത്തലാക്കുക, ജീവനക്കാരോടുളള മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക എന്നിവയാണ് ജീവനക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍.
സി.ഐ.ടി.യുവിന്റെ പിന്തുണയുളള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
“സീമാസ് ടെക്സ്റ്റയില്‍സിന്റെ അഞ്ചാംനിലയിലെ ഇടുങ്ങിയ, ശ്വാസം മുട്ടുന്ന പെട്ടിക്കൂട് പോലുളള മുറകളില്‍ ആറും, ഏഴും പേരയി നാല്‍പതോളം പേരാണ് കിടന്നുറങ്ങുന്നതും, ജീവിക്കുന്നതുമൊക്കെ. ഈ 40 പേര്‍ക്കും, മറ്റുളള ജീവനക്കാര്‍ക്കുമായി ആകെയുളളത് നാലു ബാത്ത്‌റൂമാണ്. രാവിലെ നേരത്തെ എഴുന്നേറ്റാല്‍ മാത്രമേ ബാത്ത്‌റൂമിലൊക്കെ സമയത്ത് പോകുവാന്‍ പോലും പറ്റുകയുളളു. ഉച്ചയ്ക്കത്തെയോ വൈകിട്ടത്തെയോ ഒക്കെ ചോറാണ് പലപ്പോഴും രാത്രി കഴിക്കുവാന്‍ തരുന്നത്.” സമരത്തില്‍ പങ്കെടുക്കുന്ന ഒരു ജീവനക്കാരി പറയുന്നു.
മാനേജ്‌മെന്റിന്റെ ചൂഷണം മാറ്റമില്ലാതെ തുടര്‍ന്നപ്പോഴാണ് തൊഴിലാളി യൂണിയനില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ഇവര്‍പറയുന്നു. താമസിയാതെ തന്നെ യൂണിയനില്‍ ചേര്‍ന്ന 13 പേരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിനുള്ള സമയം അരമണിക്കൂര്‍ മാത്രമാണെന്നും ലിഫ്റ്റ് ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും ജീവനക്കാരികള്‍ പറയുന്നു.
തൃശൂരിലെ കല്യാണ്‍ സാരീസില്‍ ജീവനക്കാരികള്‍ അനുഭവിച്ച സമാന പ്രശ്‌നങ്ങള്‍തന്നെയാണ് സീമാസിലെയും തൊഴിലാളികള്‍ നേരിട്ടത്. സമരക്കാരുടെ അംഗബലം വലുതായതുകൊണ്ടുതന്നെ സമരം ശക്തമായി മുന്നോട്ട് പോവുകയാണ്. നിരവധി സംഘടനകളും സമരത്തിന് പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. കല്യാണ്‍ സാരീസില്‍ ജീവനക്കാരികള്‍ നടത്തി വന്ന ഇരിക്കല്‍ സമരം വിജയകരമായിരുന്നു.