| Tuesday, 5th March 2019, 8:09 pm

ആലപ്പുഴ തിരിച്ചുപിടിക്കാനൊരുങ്ങി സി.പി.ഐ.എം; സിറ്റിംഗ് എം.എല്‍.എ എ.എം ആരിഫ് ഇടതുമുന്നണി സ്ഥാനാര്‍ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ എ.എം ആരിഫ് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവില്‍ അരൂര്‍ എം.എല്‍.എയാണ് ആരിഫ്.

വര്‍ഷങ്ങളായി കോണ്‍ഗ്രസ് കുത്തകയാക്കി വച്ച സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ്റിംഗ് എം.എല്‍.എയായ ആരിഫിനെ പാര്‍ട്ടി മത്സരരംഗത്തിറക്കുന്നത്.


എം.എ ബേബി മുതല്‍ സി.എസ് സുജാത വരെ പല സീനിയര്‍ നേതാക്കളുടേയും പ്രാദേശിക നേതാക്കളുടേയും പേരുകള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ആരിഫിനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിച്ചിരിക്കുന്നത്.

ആരിഫിനെ കൂടാതെ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലേക്ക് എ പ്രദീപ് കുമാര്‍ എം.എല്‍.എയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശവും സി.പി.ഐ.എം സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നുവെന്നാണ് വിവരം

പി കരുണാകരന്‍ ഒഴികെ നിലവിലെ സിറ്റിംഗ് എം.പിമാരെല്ലാം മത്സര രംഗത്ത് തുടരണമെന്നാണ് സെക്രട്ടേറിയറ്റിലെ പൊതുധാരണ. ചാലക്കുടിയില്‍ ഇന്നസെന്റ് തന്നെ മത്സരിക്കുമെന്നാണ് വിവരം. ഘടക കക്ഷികള്‍ക്ക് സീറ്റ് വിട്ടു നല്‍കാതെ പതിനാറിടത്ത് സി.പി.ഐ.എം തന്നെ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം. അങ്ങനെ വന്നാല്‍ കോട്ടയം സീറ്റ് ജനതാദളിന് നഷ്ടമാകും.


അതേസമയം, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തുള്ള കെ.സി വേണുഗോപാല്‍ ഇത്തവണ മല്‍സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കെ.സി വേണുഗോപാല്‍ തന്നെയാണെങ്കില്‍ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തിലാണ് ആരിഫ് മത്സര രംഗത്തെത്തുന്നത്.

We use cookies to give you the best possible experience. Learn more