| Tuesday, 26th March 2019, 9:55 pm

ചിലര്‍ ക്ഷേത്രങ്ങളില്‍ ഇരിക്കുന്നത് നിസ്‌കരിക്കാന്‍ ഇരിക്കുന്നത് പോലെ; ഗാന്ധി കുടുംബത്തെക്കുറിച്ച് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ചില കുടംബത്തില്‍ പെട്ടവര്‍ ക്ഷേത്രങ്ങളില്‍ ഇരിക്കുന്നത് നിസ്‌കരിക്കാന്‍ ഇരിക്കുന്നത് പോലെയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗാന്ധി കുടുബംത്തിന്റെ പേരു പറയാതെയായിരുന്നു ആദിത്യനാഥിന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം ശ്രീരാമനെ ഓര്‍ക്കുന്ന ഒരു കുടുംബം ഇന്ത്യയിലുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. അയോധ്യയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രചരണം നടത്താനിരിക്കെയാണ് ആദിത്യനാഥിന്റെ പരാമര്‍ശം.

“തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം രാമനെ ഓര്‍ക്കുന്ന ഒരു കുടുംബമുണ്ട്. എന്നാല്‍ അവര്‍ ക്ഷേത്രങ്ങളില്‍ നിസ്‌കരിക്കുന്നതു പോലെയാണ് ഇരിക്കുക”- ആദിത്യനാഥ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ലക്‌നൗവില്‍ നടന്ന വിജയ സങ്കല്‍പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

“കോണ്‍ഗ്രസും, എസ്.പിയും, ബി.എസ്.പിയുമാണ് രാമക്ഷേത്ര നിര്‍മാണത്തിന് തടസ്സമായി നില്‍ക്കുന്നതെ്. അയോധ്യക്കേസില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെതിരെ വാദിക്കാന്‍ അഭിഭാഷകരുടെ ഒരു സൈന്യത്തെയാണ് കോണ്‍ഗ്രസ് കൊണ്ടു വന്നത്”- ആദിത്യനാഥ് പറഞ്ഞു.

ഇവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് മഹാന്മാരെ അപമാനിക്കാനാണെന്നും ആദിത്യനാഥ് പറഞ്ഞു. പ്രിയങ്ക ഗാന്ധി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ ചാര്‍ത്തിയത് സ്വന്തം കഴുത്തില്‍ കിടന്ന ഹാരം ആണെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ബി.ജെ.പി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇൗ സംഭവം പരാമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് ബിരിയാണി നല്‍കിയപ്പോള്‍, ബി.ജെ.പി അവരെ സ്വീകരിക്കുന്നത് ബോംബുകള്‍ കൊണ്ടാണെന്നും ആദിത്യനാഥ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ സഹരന്‍പുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ അസ്ഹര്‍ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിന്റെ മരുമകനാണെന്നും, ഇമ്രാന്‍ സംസാരിക്കുന്നത് മസൂദ് അസ്ഹറിന്റെ ഭാഷയാണെന്നും ആദിത്യനാഥ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് റാലിക്ക് തുടക്കം കുറിച്ചു കൊണ്ട് പറഞ്ഞിരുന്നു.

തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടെന്നും നികുതി വ്യവസ്ഥകള്‍ ഇളവു വരുത്തിയെന്നും ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു.

ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ നിരവധി വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങളാണ് സര്‍ക്കാറിന് നേരിടേണ്ടി വന്നത്. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം 16 മാസത്തെ ഭരണത്തിനിടയ്ക്ക് 3,000 ഏറ്റുമുട്ടലുകളിലായി 78 അക്രമികള്‍ എന്നാരോപിക്കപ്പെട്ടവരെയാണ് യു.പി സര്‍ക്കാര്‍ വധിച്ചത്.

We use cookies to give you the best possible experience. Learn more