| Wednesday, 10th April 2019, 8:29 pm

മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാത്രമായിരിക്കും ഉത്തരവാദികള്‍; വയനാട്ടില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും സുധാകര്‍ റെഡ്ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്മാറണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ഫാസിസ്റ്റ് ശക്തികള്‍ക്ക് വളരാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.

മോദി വീണ്ടും പ്രധാനമന്ത്രി ആയാല്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാത്രമായിരിക്കും അതിന് ഉത്തരവാദികളെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുക മാത്രമാണ് ഇന്‍കം ടാക്സ് റെയ്ഡുകളുടെ ലക്ഷ്യമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ദേശീയ സഖ്യത്തെ ബാധിക്കില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. സഖ്യസര്‍ക്കാറിന് ഇനിയും സാധ്യതയുണ്ടെന്നും യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസ് വഞ്ചകരെന്ന് കരുതുന്നില്ല. എങ്കിലും ഇടതുപക്ഷത്തോട് എന്തിന് മത്സരിക്കുന്നുവെന്നതിന് ഉത്തരമായിട്ടില്ലെന്നും യെച്ചൂരി പറഞ്ഞിരുന്നു. വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുലിന്റെ നിലപാട് വ്യക്തിപരമായി തനിക്ക് തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്നും യെച്ചൂരിവ്യക്തമാക്കിയിരുന്നു.

രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം ന്യൂനപക്ഷ പ്രീണനമെന്ന നിലപാടിനോട് യോജിപ്പില്ല. ഇടതുപക്ഷമാണോ ബി.ജെ.പിയോണോ ശത്രുവെന്ന് കേരളത്തിലെ കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും യെച്ചൂരി പറഞ്ഞിരുന്നു.
DoolNews Video

We use cookies to give you the best possible experience. Learn more