| Tuesday, 15th September 2020, 9:25 am

'കുറ്റപത്രം ചുമത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു; പക്ഷേ പേരുകള്‍ എങ്ങിനെ പൊതുമണ്ഡലത്തില്‍ വന്നു'; അമിത് ഷായുടെ ഇംഗിതമാണ് നടപ്പിലാക്കുന്നതെന്ന് യെച്ചൂരി 

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇംഗിതമാണ് ദല്‍ഹി പൊലീസ് നടപ്പിലാക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. ദേശാഭിമാനി പത്രത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സത്യം പുറത്തുകൊണ്ടുവരലോ നീതിന്യായ നിര്‍വഹണമോ പൊലീസിന്റെ ലക്ഷ്യമല്ലെന്നു പറഞ്ഞ യെച്ചൂരി പൊലീസിന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേര്‍ത്തു. നിലവില്‍ കുറ്റം ചുമത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതില്‍ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

”നിലവില്‍ കുറ്റം ചുമത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. അതില്‍ കാര്യമില്ല. പേരുകള്‍ എങ്ങനെ പൊതുമണ്ഡലത്തില്‍ വന്നു? ഇത് അവരുടെ പതിവ് ശൈലിയാണ്. കുറ്റപത്രത്തില്‍ ചില പേരുകള്‍ പറയുന്നു.
എങ്ങനെയാണ് ഇത് പുറത്തുവന്നത്?
എല്ലായിടത്തും ഇങ്ങനെയാണ് സംഭവിക്കുന്നത്. ആരോ പറഞ്ഞുവെന്ന പേരില്‍ ചില പേരുകള്‍ പരസ്യപ്പെടുത്തും. ഇതിന്റെ പേരില്‍ കേസെടുത്ത് കുറ്റപത്രം നല്‍കും. യു.എ.പി.എപോലുള്ള കുറ്റങ്ങള്‍ ചുമത്തും. ഭീമ കൊറേഗാവ് കേസിലും ഇങ്ങനെയാണ് സംഭവിച്ചത്. സര്‍ക്കാര്‍ ആസൂത്രണംചെയ്ത രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്”, അദ്ദേഹം പറഞ്ഞു.

ഇതുകൊണ്ടൊന്നും സമാധാനപരമായ പ്രക്ഷോഭങ്ങളില്‍ നിന്ന് പാര്‍ട്ടിയെ പിന്തിരിപ്പിക്കാന്‍ കഴിയില്ല.   ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം നടത്താന്‍ അവകാശമുണ്ടെന്നും അത് എന്റെ കടമയാണെന്നും  യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയ തലമുറയാണ് ഞങ്ങളുടേത്. പോരാട്ടങ്ങളുടെ ഫലമായി അന്ന് ജനാധിപത്യം പുനഃസ്ഥാപിച്ചു. നിലവിലെ ഭരണകക്ഷിക്കുകൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ അന്ന് രൂപീകരിക്കാന്‍ സാധിച്ചു. ഇതൊക്കെ കേന്ദ്രം ഓര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കലാപത്തിന് പ്രേരണയായ വിദ്വേഷപ്രസംഗം നടത്തിയവരെക്കുറിച്ച് പൊലീസ് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ? കേന്ദ്രമന്ത്രി അടക്കം ബിജെപിനേതാക്കള്‍ നടത്തിയ പ്രസംഗങ്ങളെ തുടര്‍ന്നാണ് കലാപം തുടങ്ങിയത്. ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sitharam Yechury Interview

We use cookies to give you the best possible experience. Learn more